കോട്ടയം: മാസം ശരാശരി ഒന്നരലക്ഷത്തോളം ശമ്പളം വാങ്ങിയിരുന്ന മലിനീകരണനിയന്ത്രണ ബോർഡിലെ രണ്ട് എൻജിനിയർമാരുടെ നിലവിലെ സമ്പാദ്യം കോടികളുടെ മൂല്യമുള്ളതെന്ന് ഞെട്ടിക്കുന്ന കണക്ക്. വിവിധ പട്ടണങ്ങളിൽ ഫ്ലാറ്റും വീടും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയതിനു പുറമെ വലിയ സ്ഥാപനങ്ങളുടെ ഓഹരികളും ഇവർ സ്വന്തമാക്കിയിരുന്നു.
മാസം ശരാശരി ഒന്നരലക്ഷം രൂപവരെ ശമ്പളം കിട്ടുന്ന കോട്ടയത്തെ എൻജിനിയർ എഎം ഹാരിസും തിരുവനന്തപുരത്തെ സീനിയർ എൻജിനിയർ ജോസ്മോനും കൈക്കൂലി വാങ്ങിയ പണം തന്നെ എണ്ണിത്തിട്ടപ്പെടുത്താൻ നോട്ടെണ്ണുന്ന മെഷീനെ ആശ്രയിക്കേണ്ടി വന്നു ഉദ്യോഗസ്ഥർക്ക്.
പാലാ പ്രവിത്താനത്തുള്ള സ്വകാര്യ ടയർ റീട്രെഡിങ് കമ്പനിയുടെ കാലാവധി അവസാനിച്ച നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കിനൽകുന്നതിന് കമ്പനിയുടമയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ ഓഫീസിലെത്തന്നെ മുൻ എൻവയോൺമെന്റൽ എൻജിനിയറായിരുന്ന ജോസ് മോൻ കമ്പനിക്ക് എതിരായുള്ള ശബ്ദമലിനീകരണപരാതിയുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
കൊല്ലം ഏഴുകോണിലുള്ള ജോസ്മോന്റെ വീട്ടിലെ റെയ്ഡിനുശേഷം ഇയാളെ കുറിച്ച് വിവരമില്ല. തിരുവനന്തപുരത്ത് സീനിയർ എൻജിനിയറാണ് നിലവിൽ ജോസ് മോൻ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടുലക്ഷത്തോളം രൂപയും വിദേശരാജ്യങ്ങളുടെ കറൻസികളും സ്വർണാഭരണങ്ങൾ, ഓഹരി നിക്ഷേപരേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു.
25,000 രൂപ അടിസ്ഥാനനിരക്കായി ഇവർ ദിവസേന കൈക്കലാക്കുന്ന പണം തന്നെയാണ് ഇവരെ കോടീശ്വരന്മാരാക്കിയതെന്ന് ദുരനുഭവമുണ്ടായ സംരംഭകർ പറയുന്നു. 1974-ലെ ജലമലിനീകരണ നിയന്ത്രണനിയമം നടപ്പാക്കുന്നതിന് പ്രത്യേക ബോർഡ് രൂപവത്കരിച്ച സംസ്ഥാനത്ത് മീൻതട്ട് മുതൽ വൻകിട ഫാക്ടറികൾക്കുവരെ മലിനീകരണ നിയന്ത്രണബോർഡ് എഞ്ചിനീയറുടെ സാക്ഷ്യപത്രം ആവശ്യമാണ്. ഉള്ളിൽ പ്രതിഷേധമുണ്ടെങ്കിലും തുറന്ന് പറയാത്തത് ഇക്കൂട്ടർ പിന്നീടും ഉപദ്രവിക്കുമെന്നത് കൊണ്ടാണെന്ന് ഒരു യുവസംരംഭകൻ പറയുന്നു. കോഴിക്കട നടത്തുന്നവരെ വരെ ഉപദ്രവിക്കാൻ സാധിക്കുന്നവരാണ് ഇവർ.
അതേസമയം, മലിനീകരണനിയന്ത്രണ ബോർഡ് എൻജിനിയർമാരുടെ കോടികളുടെ സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലൻസ് എറണാകുളം പ്രത്യേക യൂണിറ്റ് അന്വേഷണം നടത്തും. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം ഓഫീസിലെ എൻജിനിയർ എഎ ഹാരിസ്, രണ്ടാംപ്രതി തിരുവനന്തപുരം ഓഫീസിലെ സീനിയർ എൻജിനിയർ ജോസ് മോൻ എന്നിവർക്കെതിരെയാണ് അന്വേഷണം.
റിമാൻഡിലുള്ള ഹാരിസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇയാളുടെ ആലുവയിലെ താമസസ്ഥലത്തുനിന്ന് ഒളിപ്പിച്ചുവെച്ചനിലയിൽ 20 ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരത്തും പന്തളത്തും വീടും സ്ഥലവും ആലുവയിൽ ആഡംബര ഫ്ലാറ്റും കണ്ടെത്തിയിരുന്നു.
Discussion about this post