തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് രണ്ട് രാഷ്ട്രീയ കൊലപാതങ്ങൾ നടന്ന സംഭവത്തിന് പിന്നാലെ തലസ്ഥാനത്ത് ക്രിക്കറ്റ് മത്സരം നടത്തി ആഘോഷിച്ച് സംസ്ഥാനത്തെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥർ. തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാൻ പോയ പോലീസുകാരൻ മുങ്ങിമരിച്ച സംഭവത്തിൽ പോലീസ് സേനയുടെ ദുഃഖം മായും മുൻപെയാണ് മത്സരം നടത്തിയത്. ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പോലീസ് ഉന്നത ഉദ്യോഗസ്ഥരടക്കം ആഘോഷത്തിൽ പങ്കെടുത്തത് അനുചിതമെന്ന് സേനയിൽ നിന്നുതന്നെ വിമർശനം ഉയരുന്നു.
കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച രാവിലെയാണ് ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കമാണ് ട്വന്റി-20 മത്സരത്തിൽ പങ്കെടുത്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും മാറ്റിവെക്കാമായിരുന്നു എന്നാണ് ഉയരുന്ന വിമർശനം.
വള്ളം മറിഞ്ഞ് മുങ്ങിമരിച്ച പോലീസുകാരന്റെ പോസ്റ്റുമോർട്ടം നടക്കുമ്പോൾ ക്രിക്കറ്റ് മത്സരം നടത്തിയതിലെ ഔചിത്യക്കുറവും സേനയിലെ ചിലർ ചൂണ്ടിക്കാട്ടുകയാണ്. ശനിയാഴ്ച്ചയാണ് കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാൻ പോയ എസ്എപി ക്യാമ്പിലെ പോലീസുകാരൻ ബാലു മുങ്ങിമരിച്ചത്. ബാലുവിന്റെ മൃതദേഹം എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കുന്നതുവരെ പോലീസ് സേന സജീവമായി പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരം നീണ്ടു.
ആലപ്പുഴയിൽ രണ്ടു രാഷ്ട്രീയ കൊലപാതങ്ങൾ നടന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട സമയത്താണ് പോലീസിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടായതെന്നാണ് ആക്ഷേപം.
Discussion about this post