കറുകച്ചാൽ: സ്‌കൂളിൽ നിന്നും വൈകിയെത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ വീട്ടുകാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടി നാട്ടുകാരേയും പോലീസിനേയും ബന്ധുക്കളേയും വട്ടം കറക്കിയത് മണിക്കൂറുകൾ. പെൺകുട്ടിയെ ഇന്നലെ രാവിലെയോടെ കണ്ടെത്തുകയായിരുന്നു.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന 14 വയസ്സുള്ള പെൺകുട്ടി ഒരു രാത്രി മുഴുവൻ വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിൽ ഒളിച്ചു കഴിയുകയായിരുന്നു.
സ്‌കൂളിൽ നിന്നു താമസിച്ചു വന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി ഏഴോടെയാണ് പെൺകുട്ടി പിണങ്ങി വീടുവിട്ടിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി തനിയെ നടന്നു പോകുന്നതു കണ്ട് നാട്ടുകാർ വിവരം തിരക്കി. അതോടെ അടുത്തുള്ള തോട്ടത്തിലേക്ക് ഓടിക്കയറി.
Also Read-ബിജെപി ഭാരവാഹികളുടെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള പട്ടികയിൽ ജാതി രേഖപ്പെടുത്താൻ കോളം; ജാതിയാണോ പ്രവർത്തനമികവാണോ വേണ്ടതെന്ന് വിമർശനം
വിവരമറിഞ്ഞെത്തിയ മണിമല പോലീസും കാഞ്ഞിരപ്പള്ളി അഗ്നിശമന സേനയും നാട്ടുകാരും പ്രദേശത്ത് പുലർച്ചെ ഒരുമണി വരെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തോട്ടത്തിനുള്ളിലെ വള്ളിപ്പടർപ്പുകൾക്കുള്ളിലെ ചെറിയ കുഴിയിൽ ഒളിച്ചിരുന്ന പെൺകുട്ടി അവിടെയിരുന്ന് ഉറങ്ങിപ്പോയി. പിന്നീട് ഇന്നലെ രാവിലെ ആറോടെ റോഡിലേക്ക് ഇറങ്ങി വന്നപ്പോഴാണ് കണ്ടെത്തിയത്. പോലീസ് കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു.