തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ക്രിസ്മസ് -പുതുവത്സര മേളകള്‍ക്ക് തുടക്കമായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സരമേളകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പുത്തരി കണ്ടം മൈതാനിയില്‍ ഭക്ഷ്യ -പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി. ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.
ഉത്സവ കാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഗുണ നിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനും, വിപണി ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് മേളകള്‍ സംഘടിപ്പിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനും വിപണി ഇടപെടല്‍ കാര്യക്ഷമമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വിപണി ഇടപെടലിന് പ്രതിവര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. ഇ-ടെണ്ടര്‍, ഇ- ലേലം എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് നാഫെഡ് മുഖേന ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് അവശ്യ സാധനങ്ങള്‍ സംഭരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റം തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ക്രിസ്മസിനോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും അര ലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് നടപടി സ്വീകരച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പെര്‍മ്മിറ്റുള്ള മത്സ്യ തൊഴിലാളികള്‍ക്ക് ഈ മാസത്തെ മണ്ണെണ്ണ വിഹിതം പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിനു വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൊതു വിപണിയേക്കാള്‍ 40 ശതമാനം വരെ വിലക്കുറവിലാണ് ഭക്ഷ്യ ധാന്യങ്ങളും ശബരി ഉത്പന്നങ്ങളും സപ്ലൈകോ വഴി വില്‍പ്പന നടത്തുന്നത്. സപ്ലൈകോ ഒട്ട് ലെറ്റിലൂടെ വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേളകളില്‍ സപ്ലൈകോ വഴി വില്‍പ്പന നടത്തുന്ന പച്ചക്കറികള്‍ക്ക് വിപണി വിലയേക്കാള്‍ വലിയ വില വ്യത്യാസം പ്രകടമാണ്. ഒരു കിലോ തക്കാളി 50 രൂപയ്ക്കാണ് മേളയിലൂടെ വില്‍പ്പന നടത്തുന്നത്. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ കുടുംബശ്രീ, മില്‍മ എന്നി സ്ഥാപനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാണ്.
നാളെ മുതല്‍ ജനുവരി 5 വരെ സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ സപ്ലൈകോ ക്രിസ്തുമസ് – പുതുവത്സര മേളകള്‍ സംഘടിപ്പിക്കുന്നതാണ്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ പട്‌ജോഷി, തിരുവന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാജു, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.