തിക്കോടി: കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ഡാറ്റ എൻട്രി ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയ പതിവുപോലെ ജോലിക്ക് പോയതായിരുന്നു. താൽക്കാലിക പോസ്റ്റിൽ കയറിയിട്ട് എട്ടാം നാളിലാണ് നന്ദകുമാറിന്റെ ക്രൂരതയ്ക്കിരയായി പെൺകുട്ടി ജീവൻവെടിഞ്ഞത്. പെൺകുട്ടിയുടെ മേൽ പെട്രോളൊഴിച്ചും സ്വയം തീകൊളുത്തിയും ഇയാൾ ഭ്രാന്തമായി പെരുമാറിയതിന്റെ ഞെട്ടലിൽ നിന്നും മോചിതരാകാൻ ദൃക്‌സാക്ഷികൾക്കും സാധിക്കുന്നില്ല.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട് ഓഫീസിൽനിന്ന് ഓഫീസ് അസിസ്റ്റന്റ് ഗോവിന്ദനും നാട്ടുകാരും ഓടിയെത്തി വെള്ളം കോരിയൊഴിച്ച് തീകെടുത്താൻ ശ്രമിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ യുവതി മരിച്ചു.
ഗേറ്റിന് മുന്നിൽ നിമിഷ നേരങ്ങൾ കൊണ്ട് കത്തിക്കരിഞ്ഞുപോയ രണ്ട് മനുഷ്യ ശരീരങ്ങളാണ് പരിസരത്തുള്ളവർ കണ്ടത്. കൃഷ്ണപ്രിയയുടെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും ഉരുകി നിലത്തേക്ക് വീണ ചോറ്റുപാത്രം, ഒരു കുപ്പിയിൽ കറി, കത്തിയ ഒരു നോട്ട് ബുക്ക്, കത്തിത്തീരായ ചെരിപ്പുകൾ, പെട്രോൾ വാങ്ങിയ രണ്ട് പ്ലാസ്റ്റിക് കുപ്പി മാത്രമാണ് ബാക്കിയായത്. ഏറ്റവും വിലപ്പെട്ട രണ്ട് ജീവനുകൾ കത്തിയമർന്നു തുടങ്ങുകയായിരുന്നു. രക്ഷകരായി നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ കൃഷ്ണപ്രിയ വൈകുന്നേരം അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങി. നന്ദകുമാർ പുലർച്ചെയാണ് മരിച്ചത്.
പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പഠനത്തിൽ മിടുക്കി. പ്ലസ്ടുവും ഡിഗ്രിയും എംസിഎയും കഴിഞ്ഞു. വീട്ടുകാർക്ക് സാമ്പത്തികമായി കൈത്താങ്ങാകുമെന്നതിനാലാണ് ഡിസംബർ ഒമ്പതിന് തിക്കോടി പഞ്ചായത്തിൽ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായാണ് താത്കാലിക ജോലിയിൽ പ്രവേശിച്ചത്. അച്ഛൻ മനോജന് ഹൃദയസംബന്ധമായ അസുഖമാണ്. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹത്തിന് സ്ഥിരമായി ജോലിക്ക് പോകാനും സാധിക്കാത്ത അവസ്ഥായാണ്. എങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിന് മുൻപന്തിയിലുണ്ടാകും.
അമ്മ സുജാത സോപ്പുനിർമാണജോലി ചെയ്യുന്നു. സിപിഎം. കുറ്റിവയൽ ബ്രാഞ്ച് മെമ്പറാണ്. സഹോദരൻ യദുകൃഷ്ണൻ വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ചയാണ് തിക്കോടി കാട്ടുവയലിൽ മനോജിന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യയെ തിക്കോടി വലിയമഠത്തിൽ നന്ദു എന്ന നന്ദകുമാർ (26) പെട്രോളൊഴിച്ച് തീകൊളുത്തിയത്. തുടർന്ന് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച നന്ദകുമാർ ശനിയാഴ്ച പുലർച്ചെയോടെ മരിച്ചു.
കൃഷ്ണപ്രിയയും നന്ദകുമാറും അടുപ്പത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും പറയുന്നത്. എന്നാൽ അത് കുറച്ച് ദിവസങ്ങൾ മാത്രമുള്ള ബന്ധമായിരുന്നു. നന്ദകുമാർ എല്ലാ കാര്യത്തിലും കൃഷ്ണപ്രിയയെ അടക്കിഭരിക്കാൻ അരംഭിച്ചതോടെ പതിയെ പെൺകുട്ടി പിന്മാറി. മുടി അഴിച്ചിടുന്നതിനും ചുരിദാറിന്റെ ഷാൾ ഒരു ഭാഗത്തേക്ക് ധരിക്കുന്നതിനും ഭംഗിയായി ഒരുങ്ങുന്നതിനുമെല്ലാം നന്ദകുമാറിന്റെ വിലക്കുണ്ടായിരുന്നു. തന്നോടല്ലാതെ മറ്റ് ആർക്കെങ്കിലും മെസേജ് അയക്കുന്നതും ഇയാൾ വിലക്കിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ തട്ടിപ്പറിച്ചെടുക്കുകയും അതിൽ നിന്നും പലർക്കും താൻ കൃഷ്ണപ്രിയയെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് വോയ്‌സ് മെസേജ് അയയ്ക്കുകയും ചെയ്തതായി പെൺകുട്ടിയുടെ അമ്മ പറയുന്നു.
ഫോൺ തിരികെ നൽകാനെന്ന പേരിൽ കഴിഞ്ഞദിവസം വൈകുന്നേരം സുഹൃത്തിനൊപ്പം നന്ദകുമാർ വീട്ടിലെത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മകൾക്ക് വിവാഹപ്രായമായില്ലെന്ന് പറഞ്ഞതോടെ വിവാഹം ചെയ്ത് നൽകിയില്ലെങ്കിൽ പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയാണ് ഇയാൾ ഇറങ്ങിപ്പോയത്.
ഇതോടെ നന്ദകുമാറിനെ ഭയന്ന് കൃഷ്ണപ്രിയ ഒരു ദിവസം ജോലിക്ക് പോലും പോകാതിരുന്നു. പിന്നീട് അമ്മ സുജാത ആശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ജോലിക്കയച്ചത്. പക്ഷെ നന്ദകുമാർ ഈ ക്രൂരത ചെയ്യുമെന്ന് അവരും കരുതിയിരുന്നില്ല.
നാട്ടിൽ നിർമ്മാണത്തൊഴിലാളിയായിരുന്ന നന്ദകുമാർ ബിജെപി പ്രവർത്തകൻ കൂടിയാണ്. പുറംവേദന കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ശബരിമലയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.
പയ്യോളി സിഐ കെസി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസും കൊയിലാണ്ടി, വടകര ഭാഗങ്ങളിൽനിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മനോജനാണ് കൃഷ്ണപ്രിയയുടെ പിതാവ്. അമ്മ സുജാത. സഹോദരൻ: യദുകൃഷ്ണൻ (വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് വിദ്യാർഥി).