മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്ന് മോഷ്ടാക്കള്‍ മുറിച്ച് കടത്തിയ ചന്ദനമരങ്ങളുടെ കുറ്റികള്‍ പിഴുതെടുക്കാന്‍ തീരുമാനം. പിഴുതെടുത്ത ശേഷം ഇ-ലേലത്തില്‍ വെയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. 360ഓളം ചന്ദന കുറ്റികളാണ് കാട്ടില്‍ വിവിധ സ്ഥലങ്ങളിലായി നില്‍ക്കുന്നത്. കോടികളാണ് വിലമതിക്കുന്നതാണ് ഇവയെല്ലാം.
മറയൂര്‍ സാന്ഡല് റിസര്‍വില്‍പ്പെട്ട നാച്ചിവയല്‍ ഒന്നും രണ്ടും മേഖലകളില്‍ നിന്നാണ് ചന്ദനക്കുറ്റികള്‍ എടുക്കുന്നത്. 2000 മുതല്‍ ചന്ദനക്കാടുകളില്‍നിന്ന് മുറിച്ചുകടത്തിയ ചന്ദനമരത്തിന്റെ കുറ്റികള്‍ കേസ് തീരാതെ എടുക്കാന്‍ കഴിയാത്തതിനാല്‍ ആണ് കോടികള്‍ വിലമതിക്കുന്നവ മണ്ണിനടിയില്‍ കിടന്ന് നശിച്ച് പോകുന്നത്. എന്നാല്‍ അവയും മോഷ്ടാക്കള്‍ പിഴുതെടുക്കുന്ന സാഹചര്യം വന്നതോടെയാണ് അവ പിഴുതെടുത്ത് ലേലത്തില്‍ വെയ്ക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ ദിവസവും മൂന്നു ചന്ദനക്കുറ്റികള്‍ നാച്ചിവയല്‍ ചന്ദനക്കാട്ടിലെ അമ്പലപ്പാറ ഭാഗത്തുനിന്ന് പിഴുത് കടത്തിയിരുന്നു. വിവിധ മേഖലകളില്‍ ആയിരത്തിലധികം കുറ്റികളാണ് നിലവിലുള്ളത്. സ്വകാര്യ, റവന്യൂ, കൈവശഭൂമികളിലായി നൂറുകണക്കിന് ചന്ദനവേരുകള്‍ വേറെയും ഉണ്ട്. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ദീപക് മിശ്ര മറയൂരിലെത്തി ചന്ദനക്കുറ്റികള്‍ പരിശോധിച്ചശേഷമാണ് 360 ചന്ദനക്കുറ്റികള്‍ പിഴുതെടുക്കാന്‍ അനുവാദം നല്‍കിയത്.
Discussion about this post