അരൂര്‍: റെയില്‍വെ പാളത്തിലൂടെ ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ട് നടക്കുകയായിരുന്ന മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. ചന്തിരൂര്‍ പുളിത്തറ വീട്ടില്‍ പുരുഷോത്തമന് (69), മകന് നിധീഷ്(28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്.
ചന്തിരൂര്‍ റെയില്‍വെ ലെവല്‍ കോസിന് സമീപം ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു അപകടം. റെയില്‍വെ പാളത്തിലൂടെ ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ട് പോകുമ്പോഴാണ് ട്രെയിനെത്തിയത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛന് പുരുഷോത്തമനും അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വേ പോലീസ് എസ്ഐ രമേശും സംഘവും സ്ഥലത്തെത്തി അപകട സ്ഥലം പരിശോധിച്ചു. അരൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം കുമ്പളം ശാന്തിവനം ശ്മശാനത്തില്‍ സംസ്കരിച്ചു.
രണ്ട് വര്‍ഷം മുമ്പത്തെ വാഹനാപകടത്തില്‍ നിധീഷിന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു. രോഗത്തില്‍ നിന്ന് ഇപ്പോഴും മുക്തി വന്നില്ലെങ്കിലും ഒരു വര്‍ഷമായി ചെറിയ ജോലികള്‍ ചെയ്ത് വരികയായിരുന്നു. പുരുഷോത്തമന് മത്സ്യ തൊഴിലാളിയാണ്. ഭാര്യ ശാന്ത. നിധിഷ് അവിവാഹിതനാണ്. നിഷാദ് സഹോദരനാണ്.
Discussion about this post