തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര നാളുകളിൽ വിലക്കയറ്റമില്ലാതെ എല്ലാവിഭാഗം ജനങ്ങൾക്കും ന്യായമായ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാനായി സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര മെട്രോഫെയർ. ഉത്സവകാലത്തെ വിപണി ഇടപെടലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പും സപ്ലൈകോയും ലക്ഷ്യമിടുന്നത്.
അവശ്യസാധനങ്ങൾ ഗുണമേന്മയിലും കൃത്യമായ അളവിലും ന്യായമായ വിലയോടെ ഉപഭോക്താവിന് ലഭ്യമാക്കും. മെട്രോ ഫെയർ സംസ്ഥാനതല ഉദ്ഘാടനം 2021 ഡിസംബർ 18 ശനിയാഴ്ച നടക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകുന്നേരം നാല് മണിക്ക് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിലാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു യോഗത്തിൽ അധ്യക്ഷത വഹിക്കും.
ആദ്യവിൽപ്പന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീവ് കുമാർ പട്‌ജോഷി ഐപിഎസ് അറിയിച്ചു. ചടങ്ങിൽ എംപി ശശി തരൂരും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഉൾപ്പടെയുള്ള പ്രമുഖർ മുഖ്യാതിഥികളായെത്തും.