കൽപ്പറ്റ: വയനാട്ടിലെ ട്രൈബൽ ഹോസ്റ്റലിലെത്തിയ മന്ത്രി കെ രാധാകൃഷ്ണൻ കുട്ടികളുടെ ദുരിതം മനസിലാക്കിയതോടെ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. കുട്ടികൾക്ക് പച്ചരി ചോറ് ആണ് നൽകുന്നതെന്ന് വ്യക്തമായതോടെയാണ് സംഭവത്തിൽ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ മന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.
സുൽത്താൻ ബത്തേരി നൂൽപ്പുഴ റെസിഡൻഷ്യൽ സ്‌കൂളിൽ കഴിഞ്ഞദിവസം മന്ത്രി സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഒരുമണിക്കൂറോളം സ്‌കൂളിൽ ചെലവിട്ട മന്ത്രി കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ചോദിച്ചറിയുകയും വിദ്യാർത്ഥികളോട് സംസാരിക്കുകയും ചെയ്തു.
ഇതിനിടെയാണ് കുട്ടികളിലെ പോഷകാഹാര കുറവ് മന്ത്രി രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുട്ടികളോട് സംവദിച്ചപ്പോഴാണ് ഇവർക്ക് നൽകുന്നത് പച്ചരി ചോറാണെന്ന് വ്യക്തമായത്. ഉടൻ തന്നെ നാല് കുട്ടികളുടെ ആരോഗ്യനില പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. തുടർന്നാണ് ഹോസ്റ്റൽ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിളിച്ച് ശാസിച്ചത്. ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും കുട്ടികളുടെ ഭാവിയും ആരോഗ്യവുമാണ് സർക്കാരിന് പ്രധാനമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
നല്ല ഭക്ഷണം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട അധ്യാപകരും ഉദ്യോഗസ്ഥരും അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, ജോലി പോകുമെന്ന് വ്യക്തമായതോടെ ഇനി ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പുനൽകുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സാമൂഹ്യപ്രവർത്തക ധന്യാരാമനാണ് വെളിപ്പെടുത്തിയത്. അവരുടെ വാക്കുകൾ ഇങ്ങനെ:
‘മന്ത്രിയുടെ ഊരു സന്ദർശനത്തിനിടെ വയനാട് ജില്ലയിലുള്ള ട്രൈബൽ ഹോസ്റ്റലുകളിലും കയറി കുഞ്ഞുങ്ങളോട് സംവദിച്ചു. കുഞ്ഞുങ്ങളോടൊപ്പം സർക്കാരും വകുപ്പും ഉണ്ടാകുമെന്നു ഉറപ്പു കൊടുത്തു. സംസാരത്തിനിടയിൽ ഭക്ഷണത്തെ കുറിച്ച് സംസാരിച്ചു. കുഞ്ഞുങ്ങൾക്ക് പച്ചരി ചോറാണ് കൊടുക്കുന്നത് എന്ന് മനസിലായി. ഉദ്യോഗസ്ഥരെ എടുത്തിട്ട് കുടഞ്ഞു മന്ത്രി. സാധാരണ ഹോസ്റ്റലുകളിൽ നല്ല ഭക്ഷണം കൊടുക്കാറുണ്ട്. മെനുവിലെ പോലെ തന്നെ. ഇടയ്ക്കിങ്ങനെ ഓരോരോ കുക്ക് മാര് ഇമ്മാതിരി വേലത്തരം ചെയ്യും. എന്തായാലും ഇന്നലെ മിനിസ്റ്റർ നല്ലോണം കുടഞ്ഞിട്ടുണ്ട്. അയൺ ഡെഫിഷ്യൻസി ഉള്ള കുഞ്ഞുങ്ങളെ അന്നേരം തന്നെ ആശുപത്രിയിൽ ചികിത്സ കൂടി തേടാൻ കൊണ്ടുപോയി. മര്യാദയ്ക്കല്ലെങ്കിൽ ജോലി തെറിപ്പിക്കും എന്നു പറഞ്ഞു.’