തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്തെ പിജി ഡോക്ടർമാർ നടത്തിവന്ന സമരം പൂർണമായും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 8 മണി മുതൽ ഒ പി അടക്കമുള്ള എല്ലാ ഡ്യൂട്ടികളും പുനരാരംഭിക്കും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെ അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരത്തിൽ നിന്ന് നേരത്തേ പിജി ഡോക്ടർമാർ പിൻമാറിയിരുന്നു. രണ്ടാഴ്ചയായി തുടരുന്ന സമരം പിൻവലിക്കാൻ ഇന്നലെ അർധരാത്രിയോടെയാണ് തീരുമാനമായത്.
4 ശതമാനം സ്റ്റൈഫന്റ് വർധനവ്, അലവൻസുകൾ എന്നിവ വേഗത്തിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പ് ലഭിച്ചു. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് കാട്ടി വിശദമായ റിപ്പോർട്ട നൽകാനും പിജി ഡോക്ടർമാരോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.സമരം പിൻവലിക്കുന്നതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തും.
Discussion about this post