മാനന്തവാടി: ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാരുടെ വ്യത്യസ്ത പ്രതിഷേധം. ദിവസങ്ങളായി കേരള ഗ്രാമീണ്‍ ബാങ്ക് ശാഖ തുറന്ന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകള്‍ പ്രതിസന്ധിയിലായതിനാലാണ് വാളാട് ടൗണില്‍ ബാങ്കിന് മുന്നില്‍ കിടന്ന് പൊതുജനങ്ങളുടെ വേറിട്ട പ്രതിഷേധം. ഇന്നലെ രാവിലെയായിരുന്നു പ്രതിഷേധം. സംസ്ഥാന തലത്തിലുള്ള കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായാണ് വാളാട് ശാഖയും പൂട്ടിയിട്ടത്. സമരം തീര്‍ന്ന് ഇന്നലെ രാവിലെ ബാങ്ക് തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടപാടുകാര്‍.
വാളാട് ടൗണില്‍ എടിഎമ്മുകള്‍ ഇല്ല. മറ്റ് ബാങ്കുകളില്‍ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലപ്പുഴയിലോ മാനന്തവാടിയോ എത്തണം. നാട്ടുകാരുടെ ഏക ആശ്രയമായ ഗ്രാമീണ്‍ ബാങ്ക് ആകട്ടെ സമരത്തിന്റെ പേരില്‍ അടച്ച് പൂട്ടിയതാണ് ജനങ്ങളെ വലച്ചത്. ഇതാണ് പ്രതിഷേധം കനക്കാന്‍ കാരണമായത്.
ഇന്നലെയും ബാങ്ക് തുറക്കില്ലെന്ന് അറിഞ്ഞതോടെ ജനങ്ങളുടെ പ്രതിഷേധം അതിരുവിടുകയായിരുന്നു. ഇതോടെ നടുറോഡില്‍ കിടന്ന് ഇടപാടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും തടിച്ചുകൂടി. ഇതോടെ ഒരു മണിക്കൂറോളം വാളാട് റോഡില്‍ ഗതാഗതം സ്തംഭിച്ചു. തലപ്പുഴ എസ്ഐ സിആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Discussion about this post