മലപ്പുറം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സമയത്ത് നിരാശയുണ്ടായിരുന്നെന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മെട്രോമാൻ ഇ ശ്രീധരൻ. ഇപ്പോൾ നിരാശയില്ലെന്നും എംഎൽഎ ആയാലും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരിഞ്ഞു നോക്കുമ്പോൾ തോറ്റതിൽ നിരാശയില്ല. ഒരു എംഎൽഎയെ വെച്ച് മാത്രം ഒന്നും ചെയ്യാനാവില്ല. തോറ്റയുടനെ കുറച്ച് നിരാശയുണ്ടായിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു നിരാശയും ഇല്ല. ഞാനിപ്പോൾ എംഎൽഎയായി വന്നത് കൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല. അധികാരം കിട്ടാതെ ഒരു എംഎൽഎയെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല,- ഇ ശ്രീധരൻ പറഞ്ഞു.
‘രാഷ്ട്രീയത്തിലേക്ക് സജീവമായി ഉണ്ടാവില്ല. ആ കാലം കഴിഞ്ഞു. പലർക്കും അറിയില്ല എന്റെ വയസ്സ് 90 ആയി. ഈ വയസ്സിൽ രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്,’- ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയെയും ഇ ശ്രീധരൻ വിമർശിച്ചു. സിൽവർ ലൈൻ പദ്ധതി നാടിന് ഗുണകരമാകില്ല. പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും പുനരാസൂത്രണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതിയിൽ തന്റെ അഭിപ്രായം തേടിയിട്ടില്ല, ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയെന്നും അദ്ദേഹം ആരോപിച്ചു.