തിരുവനന്തപുരം: ആറുപേർക്ക് പുതുജീവിതം നൽകി യുവാവ് വിടവാങ്ങി. 44കാരനായ ബിജുവാണ് മരണത്തിലും നന്മചൊരിഞ്ഞ് നമ്മെ വിട്ടുപുരിഞ്ഞത്. അതേസമയം, മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് സ്വമേധയാ തയ്യാറായി മുന്നോട്ടുവരികയും ശസ്ത്രക്രിയ പ്രതീക്ഷിച്ചതിനേക്കാളും വൈകിയതോടെ മരണാനന്തര ചടങ്ങുകൾ മാറ്റിവെച്ചും കൂടെ നിന്ന ബിജുവിന്റെ കുടുംബത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല. അവയവ ദാനത്തിന് പുതിയ മാതൃക സൃഷ്ടിച്ചാണ് പെരുകാവ് കോണക്കോട് ലെയ്ൻ ശ്രീനന്ദനത്തിൽ ബിജു (44)വിന്റെ ബന്ധുക്കൾ കണ്ണുകളെ ഈറനണിയിക്കുന്നത്.
മാധ്യമസ്ഥാപനത്തിലെ ജീവനക്കാരനായ ബിജു ഹൃദയാഘാതംമൂലമുള്ള മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. ഇടപ്പഴിഞ്ഞി എസ്‌കെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിനു തയ്യാറായി.
ബിജുവിന്റെ സഹോദരീ ഭർത്താവായ പ്രദീപ് അവയവദാനത്തെക്കുറിച്ച് ബിജുവിന്റെ അച്ഛൻ നാരായണൻ നായരോടും അമ്മ ഭാനുമതിയമ്മയോടും സൂചിപ്പിക്കുകയും ഇവരുടെ സമ്മതത്തോടെ തന്നെ ശസ്ത്രക്രിയയ്ക്ക് അനുമതി തേടുകയും ചെയ്തു. എസ്‌കെ.ആശുപത്രിയിലെ ഇന്റെൻസിവിസ്റ്റ് ഡോ. രവി, ഡോ. നോബിൾ ഗ്രേഷ്യസ് (മൃതസഞ്ജീവനി) എന്നിവരാണ് തുടർനടപടികൾ വേഗത്തിലാക്കിയത്.
ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള ആറുപേർക്കായാണ് ദാനംചെയ്തത്. തിങ്കളാഴ്ച പകൽ മൂന്നരയോടെ ഹൃദയം വിമാനമാർഗം ചെന്നൈയിലേക്കു കൊണ്ടുപോയി.
സംസ്ഥാനത്ത് ഹൃദയം സ്വീകരിക്കുന്നതിന് രോഗികളാരും മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്‌യാതിരുന്നതിനാലാണ് അയൽ സംസ്ഥാനങ്ങളിലേക്ക് ആവശ്യക്കാരുടെ അന്വേഷണം നീണ്ടത്. ഇതോടെ മൃതസഞ്ജീവനി വഴി 65-ാമത്തെ ഹൃദയ ദാനവും 264-ാമത്തെ കരൾ ദാനവും 572-ാമത്തെ വൃക്കദാനവുമാണ് പൂർത്തീകരിച്ചത്.
ബിജുവിന്റെ ശസ്ത്രക്രിയയും മറ്റു നടപടികൾക്കും ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ശവസംസ്‌കാരച്ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ തീരുമാനിച്ചിരുന്നു. എന്നാൽ, ചെന്നൈയിൽ നിന്നും ഡോക്ടർമാർ എത്തി ഹൃദയം എടുക്കുന്നത് വൈകുമെന്ന് അറിയിച്ചതോടെ അവർ ശവസംസ്‌കാരച്ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. മൃതസഞ്ജീവനിയുടെ ചരിത്രത്തിൽത്തന്നെ പുതിയ ഒരു മാതൃക സൃഷ്ടിച്ച കുടുംബാംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജും മൃതസഞ്ജീവനി അധികൃതരും പ്രശംസിച്ചു.
രാത്രി ഏഴരയോടെയാണ് പിന്നീട് ബിജുവിന്റെ ശവസംസ്‌കാരവും നടന്നത്. മീരയാണ് ബിജുവിൻറെ ഭാര്യ. മകൾ: ശ്രീനന്ദന.