പേഴ്‌സണൽ സ്റ്റാഫായി 21 പേരെന്ന് സോഷ്യൽമീഡിയയിൽ പേരുസഹിതം പ്രചാരണം; തന്റെ സ്റ്റാഫിലെ ഒരാൾ പോലും പട്ടികയിലില്ല; വ്യാജപ്രചരണം തുറന്നുകാട്ടി മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും വകുപ്പ് നിയന്ത്രണത്തിലെ കൃത്യതയിലൂടെയും ഏറെ സ്വീകാര്യനായ മന്ത്രി മുഹമ്മദ് റിയാസിന് എതിരെ സോഷ്യൽമീഡിയയിൽ വീണ്ടും വ്യാജപ്രചാരണം. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെന്ന പേരിൽ 21 പേരുകളും തസ്തികയും അടങ്ങിയ പട്ടികയാണ് സോഷ്യൽമീഡിയയിലൂടെ ചിലർ പ്രചരിപ്പിക്കുന്നത്. വ്യാജപ്രചാരണം ചൂടുപിടിച്ചതോടെ മറുപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒട്ടും രഹസ്യമല്ലാത്ത രീതിയിൽ സർക്കാർ ഉത്തരവിലും വെബ്‌സൈറ്റിലും ഡയറിയിലുമടക്കം വ്യക്തമായി സ്റ്റാഫുകളുടെ വിവരം ലഭ്യമായിട്ടും വ്യാജപ്രചാരണം നടത്തുന്നതിനെതിരെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരിച്ചിരിക്കുന്നത്. നിലവിലുള്ള തന്റെ സ്റ്റാഫിലെ ഒരാളുടെ പേരുമില്ലാത്ത പട്ടിക ആരൊക്കെയോ തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ തമാശയെന്ന് മന്ത്രി പറഞ്ഞു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്നതാണ് പൊതുവെയുള്ള നിലപാട്. എന്നാൽ സോഷ്യൽമീഡിയ വഴി ചിലർ അതുതന്നെ ആവർത്തിക്കുന്ന സാഹചര്യം വന്നുപെട്ടതിനാൽ ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു. തെറ്റിധാരണ ഒരാൾക്കുമുണ്ടാവരുത് എന്നതിനാൽ, ഇതൊരു വ്യാജ പ്രചരണം മാത്രമാണ് എന്ന കാര്യം ഇവിടെ വ്യക്തമാക്കുകയാണെന്നും മന്ത്രി കുറിച്ചു.

Also Read-കേരളം വ്യവസായ സൗഹൃദ സംസ്ഥാനം; കോഴിക്കോടും കോട്ടയത്തും മാൾ സ്ഥാപിക്കും; കൊച്ചിയിൽ മത്സ്യക്കയറ്റുമതി കേന്ദ്രവും; പ്രഖ്യാപിച്ച് എംഎ യൂസഫലി

മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം:

പ്രതികരിക്കേണ്ടതില്ല എന്നതാണ് പൊതുവെയുള്ള നിലപാട്. എന്നാൽ സോഷ്യൽ മീഡിയ വഴി ചിലർ അതു തന്നെ ആവർത്തിക്കുന്ന സാഹചര്യം വന്നുപെട്ടതിനാൽ ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു. ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ എത്ര പേരുണ്ട്, ആരൊക്കെയാണ് അവർ എന്ന വിവരങ്ങളൊന്നും ഇന്ന് രഹസ്യമല്ല. അവരുടെ പേരു വിവരം സർക്കാർ ഉത്തരവിലും ഡയറിയിലും വെബ്‌സൈറ്റിലും ഒക്കെയുണ്ടാകും. എന്നാൽ, ഇതെല്ലാം മറച്ചുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. നിലവിലുള്ള എന്റെ സ്റ്റാഫിലെ ഒരാളുടെ പേരുമില്ലാത്ത ഒരു പട്ടിക ആരൊക്കെയോ തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ തമാശ.
ഇക്കാര്യത്തിൽ തെറ്റിധാരണ ഒരാൾക്കുമുണ്ടാവരുത് എന്നതിനാൽ, ഇതൊരു വ്യാജ പ്രചരണം മാത്രമാണ് എന്ന കാര്യം ഇവിടെ വ്യക്തമാക്കുകയാണ്.

Exit mobile version