തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എംഎ യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ലുലുവിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുമെന്ന് യൂസഫലി പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടൽ മത്സ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽകൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവർത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിർമാണം തടസപ്പെട്ടതിനെതുടർന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു. 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് തിരുവനന്തപുരത്ത് ലുലുമാൾ പണികഴിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാൾ നാളെ ഔദ്യോഗികമായി നാടിന് സമർപ്പിക്കും. പതിപക്ഷ നേതാവ് വിഡി സതീശൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ശശിതരൂർ എംപി, സംസ്ഥാന മന്ത്രിമാർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.