കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലിൽ നടുറോഡിൽ വെച്ച് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് അച്ഛനേയും മകളേയും ആക്ഷേപിച്ച കേസിൽ പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയാണെന്ന് ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനത്തിൽ എത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാണിച്ചു.
പെൺകുട്ടിയുടെ ഹർജിയിൽ പറയുന്ന 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രായോഗികല്ലെന്ന് പറഞ്ഞ കോടതി എത്ര രൂപ നഷ്ടപരിഹാരം നൽകാനാകുമെന്ന് സർക്കാർ അഭിഭാഷകനോട് ചോദിച്ചു. സർക്കാറുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ മറുപടി പറയാനാകൂവെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
ഇക്കാര്യത്തിനായി കോടതി തിങ്കളാഴ്ച വരെ സമയം നൽകിയിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥ മോഷണം ആരോപിച്ച് വിചാരണ ചെയ്ത സംഭവത്തിൽ വലിയ മാനസിക പീഡനമാണ് കുട്ടി അനുഭവിച്ചതെന്നും നമ്പി നാരായണൻ കേസിൽ നഷ്ടപരിഹാരം നൽകിയ രീതിയിൽ പെൺകുട്ടിക്കും നഷ്ടപരിഹാരം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ, പെൺകുട്ടിയോടും കോടതിയോടും നിരുപാധിക മാപ്പ് അപേക്ഷിക്കുന്നതായി കേസിലെ പോലീസ് ഉദ്യോഗസ്ഥ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കുന്നില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷക അറിയിച്ചു. തുടർന്നാണ് നടപടിയെടുക്കാതെ പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ പോലീസ് മേധാവി ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദ്യം ചെയ്തത്.
Discussion about this post