ചെറുതോണി: ജമ്മു-കാശ്മീര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ടെന്റിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി ജവാന് നാടിന്റെ അന്ത്യാഞ്ജലി. ബി.എസ്.എഫ് ജവാനായ കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ജോസഫാ(44)ണ് കഴിഞ്ഞ ദിവസം മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി ബാരാമുള്ള ഭാഗത്ത് ക്യാമ്പിലെ ടെന്റില്‍ കാവല്‍ നില്ക്കുമ്പോഴാണ് അപകടം.
ടെന്റില്‍ ചൂട് നിലനിര്‍ത്തുവാനുപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ അനീഷ് 15 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത ടെന്റുകളിലെ പട്ടാളക്കാരാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഴ്ചയിലുണ്ടായ തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് ഇടയാക്കിയത്. മറ്റ് ആക്രമണ സാധ്യതകള്‍ സൈനികതലത്തില്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറുപ്പംമുതല്‍ കായികമത്സരങ്ങളില്‍ മികവു പുലര്‍ത്തിയിരുന്ന അനീഷ് കബഡി താരമായിരുന്നു. പട്ടാളത്തില്‍ ചേരണമെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. ആ ആഗ്രഹം 27-ാം വയസില്‍ സഫലമായി. ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയായിരുന്നു അനീഷിന്റെ അപ്രതീക്ഷിത വിയോഗം. നാട്ടിലെത്തുന്നതിന് മുന്നോടിയായി കൊച്ചുകാമാക്ഷിയിലെ വീടെല്ലാം മോടി പിടിപ്പിച്ചിരുന്നു. രണ്ടാംനില പണിതുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറില്‍ നാട്ടിലെത്തിയിരുന്ന അനീഷ് വീടുപണിക്ക് നേരിട്ട് മേല്‍നോട്ടം നല്‍കിയിട്ടാണ് തിരികെ പോയത്.
പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ്. ഗുജറാത്തില്‍ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥയായ സീനയാണ് (കോഴിക്കോട് കൂരാച്ചുണ്ട് കാനാട്ട് കുടുംബാംഗം) ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി എലന മരിയയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അലോണ മരിയയുമാണ് മക്കള്‍. സഹോദരങ്ങള്‍: ജോളി, ഷേര്‍ളി, റെജി (സെന്റ് ആന്റണീസ് ഗ്യാസ് ഏജന്‍സി അടിമാലി), ആന്റോ.