സർവ്വാഭരണ വിഭൂഷിതയായി കതിർ മണ്ഡപത്തിലേയ്ക്ക് വധു കയറി വരുന്ന കാലം കഴിഞ്ഞു പോയെന്ന് തെളിയിച്ച് ഡോ. സ്നേഹയുടെ വിവാഹം. ഒരു തരി പൊന്ന് പോലും അണിയാതെയാണ് സ്നേഹ മണ്ഡപത്തിൽ എത്തിയത്. വിരുന്നിന് ആകട്ടെ ഭിന്നശേഷിക്കാരുടെ സംഗമവും. വിവാഹത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്കു സമ്മാനമായി വൃക്ഷത്തൈ ആണ് നൽകിയത്.
കടമ്പഴിപ്പുറം പുല്ലുണ്ടശ്ശേരി ഒടാമ്പുള്ളി വാസുദേവൻ– വൈജയന്തിമാല ദമ്പതികളുടെ ഏക മകൾ ഡോ. സ്നേഹ ദേവൻ, പെരിങ്ങോട്ടുകുർശ്ശി നടുവത്തപാറ കബ്ലാംകോട് വീട്ടിൽ രാജന്റെയും പത്മിനിയുടെയും മകൻ പ്രജിത് കെ.രാജൻ എന്നിവരുടെ വിവാഹമാണു ലാളിത്യം കൊണ്ട് വ്യത്യസ്തമായത്.
വിമുക്ത ഭടൻ കൂടിയായ വാസുദേവൻ അറിയപ്പെടുന്ന പാലിയേറ്റീവ് പ്രവർത്തകനാണ്. ദന്ത ഡോക്ടറായ സ്നേഹ തന്നെയാണ് ആഭരണം വേണ്ട എന്ന നിലപാട് എടുത്തത്. പ്രജിത്തും അദ്ദേഹത്തിന്റെ വീട്ടുകാരും അതിനു പിന്തുണ നൽകിയതോടെ വിവാഹം കെങ്കേമമായി.
ഇന്ത്യൻ നേവിയിൽ ഓഫിസറായ പ്രജിത് ആൻഡമാനിലാണു ജോലി ചെയ്യുന്നത്. വിവാഹ ദിവസം വീട്ടുമുറ്റത്തെ സ്റ്റേജിൽ ഭിന്നശേഷിക്കാരുടെ ഗാനമേള ട്രൂപ്പ് ആയ സമന്വയ ഒരുക്കിയ കലാവിരുന്ന് നടന്നു.
സ്നേഹ വിരുന്നിനു ശേഷം സമ്മാനങ്ങളും നൽകിയാണ് ഇവരെ യാത്രയാക്കിയത്. കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ട്രൂപ്പ് അംഗങ്ങൾ.
ചടങ്ങിൽ വാസുദേവൻ എഴുതിയ ‘ഓർമയിലെ കരിമ്പനകൾ’ എന്ന പുസ്തക പ്രകാശനവും ഉണ്ടായി. റിട്ട. പ്രധാനാധ്യാപിക സാവിത്രിക്കു പുസ്തകം നൽകി വിടിബി കോളജ് പ്രിൻസിപ്പൽ ഡോ. ഇ.ജയൻ പ്രകാശനം നിർവഹിച്ചു.