പൊതുപരിപാടിക്കിടെ പന്ത് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി: ഒപ്പിട്ട് പന്ത് ശ്രീഹരിയുടെ വീട്ടിലെത്തിച്ച് മന്ത്രി ശിവന്‍കുട്ടിി

തിരുവനന്തപുരം: പൊതുപരിപാടിക്കിടെ പന്ത് ആവശ്യപ്പെട്ട ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് ഫുട്‌ബോള്‍ വീട്ടില്‍ എത്തിച്ചു നല്‍കി മന്ത്രി വി ശിവന്‍കുട്ടി. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്യവേയാണ് പതിമൂന്നുകാരന്‍ ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെട്ടത്.

ഭിന്നശേഷിക്കാരായ 21 കുട്ടികള്‍ക്ക് കൈത്താങ്ങായി കൊല്ലം ജില്ലാ പഞ്ചായത്ത് മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുമായി ആശയവിനിമയം നടത്തവേ 13കാരനായ ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെടുകയായിരുന്നു. പന്ത് വാങ്ങി നല്‍കാമെന്ന് മന്ത്രി ഉറപ്പു പറഞ്ഞു.

ഔദ്യോഗിക പരിപാടികള്‍ക്കിടെ താന്‍ ഒപ്പിട്ട പന്ത് ശ്രീഹരിക്കെത്തിക്കാന്‍ എസ്എഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി അനന്തുവുമായി ബന്ധപ്പെട്ട് ചവറ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മന്ത്രി ഒപ്പിട്ട പന്ത് എസ്എഫ്‌ഐ ഭാരവാഹികള്‍ കൊല്ലം പൊന്മനയിലെ ശ്രീഹരിയുടെ വീട്ടില്‍ എത്തിച്ചു നല്‍കി.

ശ്രീഹരി ഏറെ സന്തോഷവാനായ നിമിഷങ്ങള്‍ ആയിരുന്നു അത്. പന്തില്‍ നിരവധി തവണ ഉമ്മ വച്ച ശ്രീഹരി മന്ത്രി ‘അച്ചാച്ചന്’ നന്ദി പറഞ്ഞു.

ജനിച്ചപ്പോള്‍ മുതല്‍ ശ്രീഹരി കിടപ്പിലായിരുന്നു. വീടിനടുത്തുള്ള ഫുട്‌ബോള്‍ താരം ശ്രീവിഷ്ണു പറഞ്ഞുകൊടുക്കുന്ന ഫുട്‌ബോള്‍ കഥകള്‍ ശ്രീഹരിയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളിയായ പിതാവ് ബിജു പറയുന്നു. മെസ്സിയാണ് ശ്രീഹരിയുടെ ഇഷ്ടതാരം. ബിജുവിന്റെയും ജലജയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളായ ശ്രീഹരി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Exit mobile version