കോഴിക്കോട്: ആദിവാസികള്‍ക്കും ദലിതര്‍ക്കെതിരെയും നടക്കുന്ന പ്രത്യക്ഷ വിവേചനം തുറന്നുകാട്ടി യുവാവ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് പണിയ സമുദായത്തില്‍ നിന്നുള്ള എംബിഎ ബിരുദധാരിയായ വയനാട് സ്വദേശി മണിക്കുട്ടന്‍ പണിയന്‍ കണ്‍മുന്നില്‍ കണ്ട വിവേചനം പങ്കുവച്ചത്.
‘ജാതി പറയില്ല ചെയ്ത് കാണിക്കാം’ എന്ന പോസ്റ്റിലൂടെയാണ് ബസ് യാത്രയ്ക്കിടെ നേരിട്ട വിവേചനം മണിക്കുട്ടന്‍ തുറന്നുകാട്ടുന്നത്. കുഞ്ഞിനെയും കൊണ്ട് ബസില്‍ കയറിയ ജനറല്‍ വിഭാഗത്തിലെ അമ്മയ്ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതും ദളിത് സ്ത്രീ കൈകുഞ്ഞിനെയും കൊണ്ട് കയറിയപ്പോള്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും മണിക്കുട്ടന്‍ പറയുന്നു.
‘ജാതി പറയില്ല ചെയ്ത് കാണിക്കാം’ ഞാനൊരു സ്ഥിരം ബസ് യാത്രക്കാരനാണ്. കഴിഞ്ഞ ദിവസത്തെ യാത്രാമധ്യേ കണിയാമ്പറ്റ എന്ന സ്ഥലത്തു നിന്നും ജനറല്‍ വിഭാഗത്തിലെ ഒരമ്മയും കുഞ്ഞും 16 വയസുള്ള മകളും ബസ്സില്‍ കയറി. തിരക്കുള്ള ബസ്സില്‍ ഈ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ 3 പേര്‍ ശ്രമിച്ചു. 2 സ്ത്രീകളും ഒരു പുരുഷനും. എനിക്ക് വളരെ സന്തോഷമായി…
അതില്‍ ഒരാളുടെ സീറ്റില്‍ 16 വയസുള്ള മകളെ ഇരുത്തി അമ്മ കുഞ്ഞിനെ മകളുടെ മടിയില്‍ കൊടുത്തു. പച്ചിലക്കാട് എന്ന സ്ഥലത്തെത്തിയപ്പോള്‍ മകളുടെയും കുഞ്ഞിന്റെയും സീറ്റിനരികെ അമ്മക്ക് സീറ്റ് കിട്ടി.
എരനല്ലൂര്‍ എന്ന സ്റ്റോപ്പ് എത്തിയപ്പോള്‍ ഒരു ആദിവാസി വിഭാഗത്തിലെ ഒരു അമ്മ ഏകദേശം ഒന്നര വയസു പ്രായം തോന്നിക്കുന്ന കുഞ്ഞിനേയും കൊണ്ട് ബസ്സില്‍ കയറി. ഇവരെ കണ്ടിട്ട് ആരും സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലെന്നു മാത്രമല്ല, ആ അമ്മയും കുഞ്ഞും പോയി നിന്നത് ഞാന്‍ മുന്‍പേ പറഞ്ഞ കണിയാമ്പറ്റയില്‍ നിന്നും കയറിയ കുടുംബത്തിന്റെ സീറ്റിനരികെ.
അവരാണെങ്കിലോ തല താഴ്ത്തി ഈ അവസ്ഥ കാണാത്തപോലെ ഇരിക്കുന്നു… അമ്മ മനസ്സ്…(BGM) മറ്റുള്ളവര്‍ ‘മാമനോടൊന്നും തോന്നല്ലേ മക്കളെ” എന്ന് വിചാരിച്ചാവണം പുറംകാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്നു, ചിലര്‍ മൊബൈലില് തോണ്ടുന്നു, ചിലര്‍ ഉറക്കം നടിക്കുന്നു, കണ്ടക്ടര്‍ ബെല്ലടിക്കുന്ന തിരക്കിലും…
കെ.എസ്.ആര്‍.ടി.സിയും പ്രൈവറ്റ് ബസ്സും തമ്മിലുള്ള മത്സരയോട്ടം കൂടി ആയപ്പോള്‍ ആ അമ്മയും കുഞ്ഞും പാറിപ്പറക്കുകയാണ് സുഹൃത്തുക്കളേ പാറിപ്പറക്കുകയാണ് (കയ്യടിക്കെടാ) ഇതാണോ നിങ്ങളുടെ മതപാഠശാലകളില്‍ പഠിപ്പിക്കുന്നത്? സ്‌നേഹവും കരുതലും സഹവര്‍ത്തിത്വവും പഠിപ്പിക്കണം… ഇന്നും ഞങ്ങള്‍ തീണ്ടാപ്പാടകലെ നിന്നാല്‍ മതിയെന്നതിനു മറ്റൊരു തെളിവ് കൂടി… ഇവിടം ഇങ്ങനൊക്കെ കൂടിയാണ്…