നാലര വർഷമായി ഒരു തുമ്പുമില്ല; താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതികൾക്കായി കുളം വറ്റിച്ച് തെരച്ചിൽ; മഹാദേവൻ കൊലക്കേസിൽ തുമ്പായ കുളം വീണ്ടും ചർച്ചയിൽ

കോട്ടയം: താഴത്തങ്ങാടി അറുപറയിൽനിന്ന് നാലര വർഷം മുമ്പ് കാണാതായ ദമ്പതികൾക്കായി മുട്ടത്തെ പാറക്കുളത്തിൽ തിരച്ചിൽ. 2017 ഏപ്രിൽ ആറിന് രാത്രി കാറിൽ വീട്ടിൽ നിന്നും പുറത്തുപോയ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്.

ഹർത്താൽ ദിനമായിരുന്നു അന്ന്. രാത്രി ഒമ്പതോടെ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ ഇരുവരും പുറപ്പെട്ടതായിരുന്നു. മക്കൾ രണ്ടുപേരും ഉറക്കമായതിനാൽ കൂടെ കൊണ്ടുപോയിരുന്നില്ല. രാവിലെയായിട്ടും ഇരുവരും മടങ്ങിവരാത്തതിനെ തുടർന്ന് പിറ്റേദിവസം ഹാഷിമിന്റെ പിതാവ് അബ്ദുൽ ഖാദർ പോലീസിൽ പരാതി നൽകി. ക്രൈംബ്രാഞ്ച് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ഒരു കാറും രണ്ടു വ്യക്തികളും അപ്രത്യക്ഷമായതിന്റെ ദുരൂഹത നീക്കാൻ ഇതുവരെ പോലീസിനും അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല.

നേരത്തെ, ദമ്പതികളെ ട്രെയിനിൽ കണ്ടതായി മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിച്ചില്ല. ഇതിനിടെ ഇടുക്കി ജില്ലയിൽ ഹാഷിം എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയും പരിശോധന നടത്തിയെങ്കിലും എല്ലാം വിഫലമായി.

വാഹനം ഇറങ്ങാൻ സാധ്യതയുള്ള കുളമായതിനാലാണ് പാറക്കുളത്തിൽ തിരയുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള കുളങ്ങളിലെല്ലാം നേരത്തെ തന്നെ തിരച്ചിൽ നടത്തിയിരുന്നു. കുളത്തിലെ പുല്ല് നീക്കിയശേഷം സ്‌കൂബാ ടീമിനെ ഉപയോഗിച്ച് കുളത്തിലും തിരയും. ആഴമുള്ള കുളം വറ്റിക്കാനും ആലോചനയുണ്ട്. വർഷങ്ങൾക്കു മുമ്പ് ചങ്ങനാശ്ശേരി മഹാദേവൻ കൊലക്കേസിൽ മഹാദേവന്റെ മൃതദേഹം കണ്ടെടുത്തതും ഈ കുളത്തിൽ നിന്നാണ്. എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസിന്റെ തിരച്ചിൽ.

Also Read-‘മലപ്പുറം ഒരുപാട് മാറി മക്കളേ, ലീഗിപ്പോൾ വെറും ലീഗാണ് ഞമ്മക്ക്’; മുസ്ലിം ലീഗ് തകർത്ത വെയ്റ്റിങ് ഷെഡ് അതേ സ്ഥലത്ത് സ്ഥാപിച്ച് സിപിഎം; വീഡിയോ പങ്കുവെച്ച് പിവി അൻവർ

മൊബൈൽ ഫോൺ വീട്ടിൽവെച്ചു പോയതിനാൽ ആ വഴിക്കുള്ള അന്വേഷണം ആദ്യമേ നിലച്ചിരുന്നു. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിജയിച്ചില്ല. കാർ പുഴയിൽ വീണിട്ടുണ്ടാകുമെന്ന സംശയത്തിൽ പോലീസ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി. റോഡിനോട് ചേർന്ന തോട്ടിലും ജലാശയങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന പ്രത്യേക സ്‌കാനർ ഉപയോഗിച്ചുള്ള തിരച്ചിലിന് ‘ഹമ്മിങ്‌ബേർഡ്’ എന്ന സ്വകാര്യ ഡിറ്റക്ടിവ് ഏജൻസിയെയും പോലീസ് ഉപയോഗിച്ചിരുന്നു.

ഇരുവയേും കണ്ടെത്താനായി വിവിധ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ബന്ധുക്കളുടെ അന്വേഷണവും വിഫലമായി. കേസ് ലോക്കൽ പോലീസാണ് ആദ്യം അന്വേഷിച്ചത്. തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

Exit mobile version