കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയിൽ ജിഎസ്ടി കൗൺസിൽ സത്യവാങ്മൂലം നൽകി. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാനവരുമാനമാന സ്രോതസായതിനാൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് വിശദീകരണം.
കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്നും കൗൺസിൽ കോടതിയെ അറിയിച്ചു. ഇതേ നിലപാട് ജിഎസ്ടി കൗൺസിൽ നേരത്തെയും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ജിഎസ്ടി കൗൺസിലിന്റെ യോഗ തീരുമാനങ്ങൾ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്റെ രൂപത്തിൽ നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
തുടർന്നാണ് ഇന്ധന നികുതി ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ജിഎസ്ടി കൗൺസിൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. മഹാമാരിയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാൻ കഴിയില്ലെന്നാണ് കൗൺസിൽ ഹൈക്കോടതിയിൽ നിലപാടെടുത്തത്.
Discussion about this post