തിരുവനന്തപുരം: മഞ്ജുവിന് ഇനി വൈദ്യുതി വെട്ടത്തിലിരുന്ന് തന്നെ പഠിയ്ക്കാം, വൈദ്യുതി വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടലില്‍ മഞ്ജുവിന്റെ വീട്ടിലേക്ക് വൈദ്യുതി എത്തിച്ച് കെഎസ്ഇബി.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പത്താം ക്ലാസ്സുകാരി മഞ്ജു പഠിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇടപെടുകയും വിഷയം ഉടനടി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ കെഎസ്ഇബി ഡയറക്ടര്‍ വിഴിഞ്ഞം സെക്ഷന് നിര്‍ദേശം നല്‍കി. അവധി ദിനം ആയിട്ടും ഞായറാഴ്ച കെഎസ്ഇബി വിഴിഞ്ഞം സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ശ്യാം, ഓവര്‍സിയര്‍ അനില്‍കുമാര്‍ എന്നിവര്‍ മഞ്ജുവിന്റെ വീട്ടില്‍ എത്തി വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ കഴിഞ്ഞ ഒരു വര്‍ഷമായി ഇരുട്ടില്‍ കിടന്ന മഞ്ജുവിന്റെ വീട്ടില്‍ വൈദ്യുതി വെളിച്ചം തെളിഞ്ഞു. 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ച മഞ്ജു പക്ഷാഘാതം വന്ന് ചികിത്സയില്‍ കഴിയുന്ന അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്. പഠിക്കാന്‍ വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നു.
കൂലിപ്പണിക്കാരനായ തങ്കപ്പന്‍ നാല് വര്‍ഷം മുന്‍പ് രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഏക ആശ്രയമായ ഭര്‍ത്താവ് മരിച്ചതോടെ വിധവ പെന്‍ഷന്‍ ഇനത്തില്‍ കിട്ടുന്ന 1600 രൂപ മാത്രമായി ഈ കുടുംബത്തിന്റെ ഏക വരുമാനം. ഒന്നര സെന്റ് സ്ഥലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നല്‍കിയ വീട്ടിലാണ് രത്‌നമ്മയും മകള്‍ മഞ്ജുവും താമസിക്കുന്നത്.
കുടിശികയും മീറ്റര്‍ കണക്ഷന്‍ ഉള്‍പ്പടെ മാറ്റി വെക്കാനും 1000 രൂപ നല്‍കാന്‍ ഇല്ലാത്തതിനാല്‍ ഒരു വര്‍ഷം മുന്‍പ് ഈ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് മഞ്ജുവിന് പഠനത്തിനായി മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കേണ്ടിവന്നത്.
എന്നാലും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പത്താം ക്ലാസുകാരി മഞ്ജു അധ്യാപിക ആകണമെന്ന ലക്ഷ്യത്തിലേക്കാണ് സഞ്ചരിക്കുന്നത്. സുമനസ്സുകൾക്ക് താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിൽ സഹായം നൽകാം.
മഞ്ജു ടി ആർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പർ: 38050456609
ഐ. എഫ്.സി കോഡ്: SBIN0070049