തിരുവനന്തപുരം: സപ്ലൈകോയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ആറ് വര്‍ഷമായി വില കൂട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. 2016 മുതല്‍ 13 അവശ്യ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല.
സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വില വര്‍ധനയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 13 ഇന വസ്തുക്കള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് സപ്ലൈകോ നല്‍കുന്നത്.
35 ഇനം അവശ്യ ഇനങ്ങള്‍ക്ക് പൊതു വിപണിയെക്കാള്‍ വിലക്കുറവിലാണ് സപ്ലൈകോ നല്‍കുന്നത്. ഇതില്‍ 13 ഇനം സാധനങ്ങളുടെ വില കൂട്ടിയിട്ടില്ല. ചില ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിച്ചു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഇടപൈട്ടുവെന്നും വിലകുറച്ചു. മാര്‍ക്കറ്റ് വിലയെക്കാള്‍ 50% കുറവിലാണ് സബ്‌സിഡി ഉത്പന്നങ്ങളുടെ വില്‍പ്പനയെന്നും മന്ത്രി പറഞ്ഞു.
വന്‍പയര്‍ വില 98 ആയി വര്‍ധിപ്പിച്ചത് 94 ആയി കുറച്ചു, മുളക് 134 ആയിരുന്നു അത് കുറച്ച് 126 ആയി, പഞ്ചസാര 39 രൂപയില്‍ 50 പൈസ കുറച്ചു, മല്ലി 110 ല്‍ നിന്ന് 106 രൂപയായി കുറച്ചു. വെളിച്ചെണ്ണ, ഉഴുന്ന്, വന്‍കടല, പച്ചരി എന്നിവയ്ക്ക് വില വര്‍ധനവ് നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം പച്ചക്കറിക്ക് വിലക്കയറ്റം തുടരുകയാണ്. വെള്ളരിക്ക് ഓണക്കാലത്തേക്കാള്‍ കൂടിയ വിലയാണ് നിലവില്‍. വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയര്‍ന്നു തന്നെ. എന്നാല്‍ ആളുകള്‍ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.
കാബേജിന് പൊള്ളുന്ന വിലയാണ്. 30 രൂപയായിരുന്ന കാബേജിന് 68 രൂപയാണ് പുതിയ വില. പയര്‍ 50 രൂപയില്‍ നിന്ന് 60 രൂപയായി. കോവക്കയ്ക്ക് 40 രൂപയില്‍ നിന്ന് 80 രൂപയും, വെള്ളരിക്ക് 45 ല്‍ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയില്‍ നിന്ന് 90 രൂപയായി ഉയര്‍ന്നു.
വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വര്‍ധിച്ച് പുതിയ വില 75 രൂപയിലെത്തി. ബീറ്റ്റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ല്‍ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി.