നന്മണ്ട: അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും വൃത്തിയാക്കുകയോ സഞ്ചാര യോഗ്യമാക്കുകയോ ചെയ്യാത്ത പൊതുവഴിക്കായി ആയുധം കൈയ്യിലെടുത്ത് ഭിന്നശേഷിക്കാരന്റെ മാതൃക.
കൂളിപ്പൊയിലിലെ എളേടത്ത് പറമ്പത്ത് അബ്ദുൽ മജീദാണ് ആയുധം കൈയിലേന്തി നാട്ടുകാർക്ക് മാതൃകയായത്. പന്ത്രണ്ടാം വാർഡിലെ നമ്പിടികണ്ടി-പീടികക്കണ്ടി ഇടവഴിയാണ് മജീദ് നന്നാക്കിയത്.
കാലവർഷമായാൽ വെള്ളം കുത്തിയൊലിച്ച് കാൽനടപോലും ദുഷ്‌കരമാകുന്ന പാതയാണിത്. 10 കുടുംബങ്ങളാണ് വഴിയില്ലാതെ വലയുന്നത്. നടപ്പാത വേണമെന്ന ആവശ്യം ഗ്രാമസഭയിൽ ഒട്ടേറെ തവണ ഉന്നയിച്ചെങ്കിലും ഇതുവരെ അധികൃതർ പാലിച്ചിട്ടില്ലെന്ന് തണൽ റെസിഡൻറ്‌സ് അസോസിയേഷൻ സെക്രട്ടറി അശോകൻ വട്ടക്കണ്ടി പ്രതികരിക്കുന്നു.