കണ്ണൂര്‍: വാഹനങ്ങളിലെ സ്റ്റിക്കര്‍ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് മല്ലു ട്രാവലര്‍.
വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലെ എസ്കോര്‍ട്ട് വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മോഡിഫൈ ചെയ്തതിനെതിരെയാണ് മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന് ആരോപണം ഉന്നയിച്ചത്.
ആരോപണം ഉന്നയിച്ച് മണിക്കൂറാവുന്നതിന് മുന്നേ തന്നെ തെറിവിളി കനത്തതായും മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇനി പങ്കുവെക്കില്ലെന്നും ഷാക്കിര്‍ പറഞ്ഞു. ആര്‍ക്കുവേണ്ടിയാണോ താന്‍ പോസ്റ്റ് പങ്കുവെച്ചത് അവര്‍ തന്നെ തനിക്കെതിരെ തെറിവിളിക്കുന്നതായും ഇനി സ്വന്തം കാര്യം മാത്രം നോക്കി യാത്രാ വീഡിയോകളുമായി മുന്നോട്ടുപോകുമെന്നും ഷാക്കിര്‍ അറിയിച്ചു.
‘മോട്ടോര്‍ വാഹന വകുപ്പിനോട് : ഒന്നുകില്‍ നിങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ഒരേ നിയമം ആണോ എന്ന് ഉറപ്പ് വരുത്തുക, അല്ലെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തുക, രണ്ടും പറ്റില്ലായെങ്കില്‍ ജോലി രാജി വെച്ച് വേറെ പണിക്ക് പോവുക’- എന്നായിരുന്നു മല്ലു ട്രാവലറുടെ ഫേസ്ബുക്ക് പോസ്റ്റ്.
സമ്മേളനത്തിനായി ഉപയോഗിച്ച വെളുത്ത എര്‍ട്ടിഗ കാറില്‍ സമ്മേളന പോസ്റ്റര്‍ പച്ച നിറത്തില്‍ പതിപ്പിച്ചതിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തുവന്നിരുന്നത്.
നേരത്തെ കുറുപ്പ് സിനിമയുടെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കിയ വാഹനത്തിനെതിരേയും സമാനമായ ആരോപണം ഉന്നയിച്ച് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരുന്നു.
മല്ലു ട്രാവലര്‍ പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റ്: ഈ വാഹനം നിയമവിരുദ്ധമായി സ്റ്റിക്കര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. നടപടി എടുക്കാത്തത് എന്താണു ?? മോട്ടോര്‍ വാഹന വകുപ്പിനോട് : ഒന്നുകില്‍ നിങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ഒരേ നിയമം ആണൊ എന്ന് ഉറപ്പ് വരുത്തുക, അല്ലെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തുക, രണ്ടും പറ്റില്ലാ എങ്കില്‍ ജോലി രാജി വെച്ച് വേറെ പണിക്ക് പോവുക. നിയമം എല്ലാവര്ക്കും ഒരു പോലെ ആവണം, അത് രാഷ്ട്രീയ പാര്‍ട്ടി ആയാലും, മത സംഘടനകള്‍ ആയാലും.
(രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനി എന്നെ തെറി പറയാന്‍ വരണ്ട, ഈ വണ്ടിയില്‍ കാണുന്ന ഫോട്ടോയിലെ 2 ആള്‍ക്കാരെയും എനിക്ക് നല്ല ഇഷ്ടമാണു, വ്യക്തിപരമായി അറിയാം, കൂടാതെ മലപ്പുറം എന്ന ജില്ലയെയും അവിടത്തെ ആള്‍ക്കാരോടും പ്രത്യേകം ഇഷ്ടവുമുണ്ട്, പ്രതിഷേധം അവരൊട് അല്ല, മറിച്ച് നമ്മുടെ നാട്ടിലെ മോഡിഫിക്കേഷന് നിയമങ്ങളോടാണ്.
ഇനി വരുന്ന ഇലക്ഷന് കാലത്ത് കേരളത്തിലെ പ്രൈവറ്റ് വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഉണ്ടാവാതെ നോക്കണ്ടതും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവാദിത്തം ആണു. നേതാക്കന്മാര് സഞ്ചരിക്കുന്ന അലങ്കരിച്ച പ്രൈവറ്റ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള ഉത്തരവാദിത്തവും നിങ്ങള്‍ക്കുണ്ട്, കേരളത്തിലെ വാഹന മോഡിഫിക്കെഷന്‍ നിയമം ഭേദഗതി ചെയ്തേ പറ്റൂ, അല്ലങ്കില്‍ ഇത് പോലെ പാവപ്പെട്ടവനു ഒരു നിയമവും, മറ്റുള്ളവര്‍ക്ക് ഒരു നിയമവും ആവും.
ഈ നിയമത്തിലൊരു മാറ്റം വരുത്തുന്നത് വരെ ഇത് പോലെ ഉള്ളത് കണ്ടാല്‍ എല്ലാവരും അത് ഷെയര്‍ ചെയ്യണം, എല്ലാര്ക്കും നിയമം ഒരു പോലെ തടസ്സം ആയാല്‍ മാത്രമേ എല്ലാവരും ഈ വിഷയത്തില്‍ ഒരുമിച്ച് നിന്ന് പ്രതികരിക്കുള്ളൂ.. #savemodification MVD കേരളം
Discussion about this post