‘പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്, ഏട്ടന്റെ അടുത്തുതന്നെ അടക്കണം’; ഭർത്താവിന്‌റെ മരണത്തിൽ മനംനൊന്ത് പ്രിയ യാത്രയായി കൺമണികളോടൊപ്പം

പേരാമ്പ്ര: തീപ്പൊള്ളലേറ്റ് പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളും അവരുടെ അമ്മയായ പ്രിയയും മരണത്തിലേക്ക് നടന്നകന്നത് ഇനിയും മുള്ളിയങ്ങൽ ഗ്രാമത്തിന് ഉൾക്കൊള്ളാനാകുന്നില്ല. മരണത്തോട് മല്ലടിക്കുമ്പോഴും രക്ഷിക്കാൻ ഓടിയെത്തിയവരോടും മെഡിക്കൽ കോളേജിലെ ഡോക്ടറോടും പ്രിയ പറഞ്ഞത് ഒരേ ആവശ്യം മാത്രമാണ്, ‘ഞങ്ങൾ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം’.

ഒടുവിൽ ജീവനറ്റ മൂന്ന് ശരീരങ്ങളേയും അവസാന ആഗ്രഹപ്രകാരം പ്രകാശൻ അന്ത്യനിദ്രകൊള്ളുന്ന വീട്ടുപറമ്പിന്റെ അരികിൽത്തന്നെയായി അടക്കി. പാലേരിയിലെ ചിപ്സ് നിർമാണ കടയിലെ ജീവനക്കാരനായിരുന്ന പ്രകാശൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പ്രിയപ്പെട്ടവന്റെ വേർപാട് കഴിഞ്ഞ് അധികം നാളാകുന്നതിന് മുമ്പ് തന്നെ പ്രിയയും മക്കളും ജീവനൊടുക്കുകയായിരുന്നു.

മുളിയങ്ങൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (36), മക്കളായ പുണ്യതീർത്ഥ (13), നിവേദ്യ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നോടെയാണ് പ്രിയയും മക്കളും കിടപ്പ് മുറിയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീയിട്ടത്. മറ്റൊരു മുറിയിൽ താമസിക്കുന്ന ഭർത്താവിൻറെ അമ്മ കൂട്ട നിലവിളി കേട്ട് ഉണർന്നപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയ നാട്ടുകാർ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പുണ്യതീർത്ഥ യാത്രാമധ്യേയും, നിവേദ്യയും പ്രിയയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു.

Read also- സൈനിക മേധാവിയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു; വിദ്യാർത്ഥിക്കും റെയിൽവെ ജീവനക്കാരനും എതിരെ നടപടിക്ക് സാധ്യത

ജനുവരി നാലിനാണ് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിൻറെ മരണത്തോടെ പ്രിയ വലിയ മനോവിഷമത്തിലായിരുന്നു. ‘പ്രകാശേട്ടൻറെ കൂടെ ഞങ്ങളും പോകും’ എന്ന് പലപ്പോളും ബന്ധുക്കളോട് പറഞ്ഞിരുന്നു.

ആശുപത്രിയിൽ കൊണ്ടു പോകുംവഴി ഞങ്ങളെ രക്ഷിക്കാൻ ശ്രമിക്കരുതെന്ന് അയൽവാസിയോട് പറഞ്ഞു. പ്രകാശേട്ടൻറെ അടുത്ത് തന്നെ സംസ്‌ക്കരിക്കണമെന്നും അവർ പറഞ്ഞിരുന്നു. പുണ്യതീർത്ഥ നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ: വിജയ, ഉഷ, ജയ, ബിജിലേഷ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version