നിയമവിധേയമല്ലാത്ത ഹോണുകള്‍ ഘടിപ്പിച്ച് പാഞ്ഞ 70 വാഹനങ്ങള്‍ പിടികൂടി പിഴയീടാക്കി. 74,000 രൂപയാണ് പിഴയീടാക്കിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ‘ഓപ്പറേഷന്‍ ഡെസിബെല്‍’ നടത്തിയത്. അനധികൃത ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍നിന്ന് ഡ്രൈവറുടെ സഹായത്തോടെ അവ അഴിച്ചു മാറ്റിക്കുകയും ചെയ്തു.
പൊതുനിരത്തില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരെ വരുംദിവസങ്ങളിലും പിടികൂടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം. ട്രാഫിക് സിഗ്‌നല്‍, ട്രാഫിക് ബ്ലോക്ക്, സ്‌കൂള്‍, ആശുപത്രി, കോടതിപരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ശബ്ദശല്യമുണ്ടാക്കുന്നത് കര്‍ശനമായി തടയുന്നത് ലക്ഷ്യമിട്ടാണ് ഒപ്പറേഷന്‍ ഡെസിബെല്‍ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. എ.കെ.ദിലു അറിയിച്ചു.
എയര്‍ ഹോണുകള്‍, നിരോധിത ബഹുശബ്ദ ഹോണുകള്‍ എന്നിവമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരേ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്.
രണ്ടുമാസംമുന്‍പ് ജില്ലയില്‍ നോയ്‌സ് ഫ്രീ എന്നപേരില്‍ പരിശോധന നടത്തിയിരുന്നു. ശക്തമായ നടപടികളെത്തുടര്‍ന്ന് ടൗണ്‍ പരിസരത്ത് എയര്‍ ഹോണ്‍ ഉപയോഗം കുറയ്ക്കാനായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സിറ്റി ബസുകളിലും കെ.എസ്.ആര്‍.ടി.സി.യിലും നിരോധിത ഹോണുകള്‍ ഒഴിവാക്കിയിട്ടുണ്ട്.