ആചാരം ലംഘിച്ച് ബീഫ് കഴിച്ചു; 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക്; ഭാര്യയും മക്കളുമായും ബന്ധം വിച്ഛേദിച്ചു

മറയൂർ: ഇടുക്കി മറയൂരിലെ ആദിവാസി ഊരുകളിൽ ബീഫ് കഴിച്ചതിന്റെ പേരിൽ 24 യുവാക്കളെ ഊരുവിലക്കിയതായി പരാതി. ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലർത്താൻ പാടില്ലെന്നതുൾപ്പടെയാണ് ഊരു വിലക്ക് നിബന്ധന. അതേസമയം, പരാതി ഉയർന്നതോടെ സംഭവത്തിൽ പോലീസും സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.

പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകൽ, കവക്കുട്ടി ആദിവാസി കുടികളിലെ യുവാക്കളെയാണ് ഊരുകൂട്ടം ഊരുവിലക്കിയത്. പാരമ്പര്യമായി പാലിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമായി ബീഫ് കഴിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ.

ഈ ഊരുകളിൽ ആട്, കോഴി ഉൾപ്പെടെ മാംസാഹാരം കഴിക്കാറുണ്ടെങ്കിലും ബീഫ് പതിവില്ല. എന്നാൽ, ചില യുവാക്കൾ ഹോട്ടലുകളിൽ നിന്നും മറ്റും വാങ്ങി കൊണ്ടുപോയും സ്വയം പാകം ചെയ്തും ബീഫ് കഴിക്കുന്നത് പതിവായതിനെതുടർന്ന് തിങ്കളാഴ്ച ഊരുകൂട്ടം ചേർന്നാണ് യുവാക്കളെ ഊരുവിലക്കിയത്.

ഊരുവിലക്കപ്പെട്ടവർക്ക് കുടികളിൽ കയറാമെങ്കിലും വീടിനുള്ളിൽ പ്രവേശനമില്ല. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതിന് തടസ്സമില്ലെന്നും ഊരുകൂട്ടം വിധിച്ചു. ഊരുവിലക്കപ്പെട്ടവർ കാട്ടിൽ അഭയം തേടിയിരിക്കുകയാണ്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചിനും പോലിസിനും പുറമെ പഞ്ചായത്ത് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ, ഊരുവിലക്ക് പിൻവലിച്ച് യുവാക്കളെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

Read also-‘ഇളയകുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു പറഞ്ഞു’; കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ ദുരൂഹമരണം കൊലപാതകം; അമ്മ അറസ്റ്റിൽ

കുടിയിലെ മറ്റ് ചിലർക്കൊപ്പം താനും ബീഫ് ഉൾപ്പെടെ ഭക്ഷണം കഴിക്കാറുണ്ടെന്നും ഇതിന്റെ പേരിൽ ഊരുവിലക്കുന്നത് ഇഷ്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് നെല്ലിപ്പെട്ടിക്കുടിയിൽ ഊരുവിലക്കപ്പെട്ട ആറുമുഖം പ്രതികരിച്ചു.

വീടിനുള്ളിൽ കയറിയാൽ വീട്ടുകാരെയും ഊരുവിലക്കുമെന്ന ഭയമുണ്ട്. അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഊരുവിലക്കപ്പെട്ട ധർമരാജ് എന്നയാളുടെ അപേക്ഷ.

Exit mobile version