‘പുറകെയുണ്ട് ഭാഗ്യം’; ആദ്യം വേണ്ടെന്ന് വെച്ചു, പിന്നെ മാറ്റിവെയ്ക്കാൻ പറഞ്ഞു; ഫലം വന്നപ്പോൾ പ്രമോദിന് കാരുണ്യ പ്ലസിന്റെ 80 ലക്ഷം! നാരായണിയുടെ സത്യസന്ധതയ്ക്കും കൈയ്യടി

നീലേശ്വരം: വേണ്ടെന്ന് വെച്ച ഭാഗ്യം തൊട്ടുപിന്നാലെ തന്നെ നടന്നതോടെ പ്രമോദ് എന്ന യുവാവിന് സ്വന്തമായത് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. വാർപ്പ് മേസ്തിരി പൂവാലങ്കൈ സർക്കാർ ആശുപത്രിക്ക് സമീപത്തെ ടിവി പ്രമോദാണ് ഈ അപൂർവ്വ ഭാഗ്യവാൻ.

വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പ്രമോദ് എടുത്ത ലോട്ടറിക്ക് ലഭിക്കുകയായിരുന്നു. നീലേശ്വരം കോൺവെന്റ് കവലയിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന പി നാരായണിയാണ് പ്രമോദിനായി മാറ്റിവെച്ച പിബി 643922 നമ്പർ ലോട്ടറി ടിക്കറ്റ് ഫലപ്രഖ്യാപന ശേഷം കൈമാറിയത്.

ദിവസവും നാരായണിയുടെ പക്കൽനിന്നാണ് പ്രമോദ് ടിക്കറ്റെടുക്കാറുള്ളത്. ബുധനാഴ്ച ടിക്കറ്റെടുക്കാതിരുന്നപ്പോൾ നാരായണി ഫോണിൽ വിളിക്കുകയായിരുന്നു. ആദ്യം ടിക്കറ്റ് വേണ്ടെന്ന് ആയിരുന്നു മറുപടി. ടിക്കറ്റ് കുറച്ച് ബാക്കിയാണെന്നറിയിച്ചപ്പോൾ മാറ്റിവെക്കാൻ പറഞ്ഞു. മാറ്റിവെച്ച ടിക്കറ്റിൽ ഭാഗ്യമെത്തിയ വിവരം ജോലിസ്ഥലത്തായിരുന്ന പ്രമോദിനെ നാരായണി വിളിച്ചറിയിക്കുകയായിരുന്നു.

പിന്നീട് പ്രമോദ് എത്തി ടിക്കറ്റ് ഏറ്റുവാങ്ങിയശേഷം നീലേശ്വരം അർബൻ ബാങ്കിൽ ഏല്പിച്ചു. സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ലോട്ടറി കമ്പമില്ലെന്ന് പ്രമോദ് പറഞ്ഞു. ഭിന്നശേഷിക്കാരയ ലോട്ടറിത്തൊഴിലാളികൾ ടിക്കറ്റുമായെത്തുമ്പോൾ അവരെ നിരാശരാക്കാൻ മനസ്സനുവദിക്കാറില്ല. ചിലദിവസങ്ങളിൽ വലിയ തുക ഇതിനായി ചെലവിടാറുണ്ട്. 1998 മുതൽ വാർപ്പ് പണിയെടുക്കുന്നു. 10 വർഷമായി വാർപ്പ് പണിയുടെ മേസ്തിരിയാണ് ഇദ്ദേഹം.

read more- ‘യുവതിയെ വഴിയിൽ നിർത്താനാവില്ല, വാതിൽ തകർത്തോ’; ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ കോടതി ഇടപെടൽ

ഭാര്യ: അനുരാധ. മകൻ ദേവനന്ദ് (വിദ്യാർഥി). പ്രമോദിന് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കൈമാറിയ നാരായണിയുടെ സത്യസന്ധതയ്ക്കും കൈയ്യടിക്കുകയാണ് നാട്ടുകാർ. 2017 മുതൽ ലോട്ടറി ടിക്കറ്റ് വിൽപനയാണ് നാരായണിയുടെ ഉപജീവനമാർഗം. വിറ്റ ടിക്കറ്റുകൾക്ക് ചെറുതും വലുതുമായ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം ഇതാദ്യമാണെന്ന് നാരായണി പറഞ്ഞു. മാറ്റിവെച്ച ടിക്കറ്റിൽ ഭാഗ്യം വന്നപ്പോൾ അത് യഥാർഥ അവകാശിയെ വിളിച്ചറിയിച്ച് കൈമാറിയ നാരായണിയെ അഭിനന്ദിക്കാനും നാട്ടുകാർ മടിക്കുന്നില്ല.

Exit mobile version