മാങ്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. ചിതറ സബ് രജിസ്ട്രാര്‍ ആര് വിനോദാണ് അറസ്റ്റിലായത്. ഉഷാര്‍ എന്ന വ്യക്തിയുടെ അമ്മയുടെ പേരിലുളള 18 സെന്റോളം സ്ഥലം ഉഷാറിന്റെ മൂത്ത സഹോദരനായ ഉല്ലാസ് ബാബുവിന്റെ പേരില്‍ എഴുതി നല്കാന് വീട്ടുകാര്‍ തീരുമാനിക്കുകയും അതിന്റെ രജിസ്ട്രേഷനുവേണ്ടി സബ് രജിസ്ട്രാറെ സമീപിക്കുകയുമായിരുന്നു.
ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം 10,000 രൂപ കൈക്കൂലി നല്‍കണമെന്നും സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ഉല്ലാസ് ബാബുവിന്റെ രോഗബാധിതനായ മകന്റെ ചികിത്സാചെലവ് കണ്ടെത്തുന്നതിന് ഈട് നല്‍കുവാനാണെന്ന് പറഞ്ഞിട്ടും കൈക്കൂലി നല്‍കിയാലേ രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന് ഇയാള്‍ ശഠിച്ചു. 5000 രൂപ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വസ്തു രജിസ്റ്റര്‍ ചെയ്യുകയും അഡ്വാന്‍സായി 2000 രൂപ കൈമാറുകയും ബുധനാഴ്ച രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുമ്പോള്‍ അവശേഷിക്കുന്ന 3000 രൂപ നല്‍കണമെന്ന് വിനോദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉഷാറും ജ്യോതിഷും വിവരം കൊല്ലം വിജിലന്‍സ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു.
ഏറെ നാളായി വിനോദ് വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഉഷാറും ജ്യോതിഷും നല്കിയ വിവരമനുസരിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓഫീസില്‍ വച്ച് രൂപ കൈമാറുമ്പോള്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേത്യത്വത്തിലാണ് വിനോദിനെ അറസ്റ്റ് ചെയ്തത്.
Discussion about this post