തിരുവനന്തപുരം: പറവൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പരിപാലന കാലാവധി (ഡിഎല്‍പി) ബോര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച സ്ഥലം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വിഡി സതീശന് നന്ദി അറിയിച്ച് പൊതുമരാമത്ത് വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
പറവൂര്‍ നിയോജകമണ്ഡലത്തിലെ ഡിഎല്‍പി ബോര്‍ഡുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന് നിര്‍വ്വഹിച്ചു. ജനങ്ങള്‍ക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ പ്രവര്‍ത്തനത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് നന്ദി അറിയിക്കുന്നു, മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഡിഫക്ട് ലയബിലിറ്റി പീരിയഡ് അഥവാ പരിപാലന കാലാവധി സൂചിപ്പിക്കുന്നവയാണ് ഡിഎല്‍പി ബോര്‍ഡുകള്‍. പൊതുമരാമത്ത് ഉത്തരവുപ്രകാരം പുതിയ ബിഎംബിസി റോഡുകള്‍ക്ക് മൂന്ന് വര്‍ഷവും, അതല്ലാത്ത റോഡുകള്‍ക്ക് രണ്ടു വര്‍ഷവും, ഉപരിതലത്തില്‍ മാത്രം ബിഎംബിസി ഉപയോഗിച്ച റോഡുകള്‍ക്ക് രണ്ടു വര്‍ഷവും, അറ്റകുറ്റപ്പണികള്‍ക്ക് ആറ് മാസവും പരിപാലന കാലാവധി ഉണ്ടാകും.
ഈ കാലയളവിനുള്ളില്‍ റോഡുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ റോഡുകളില്‍ സ്ഥാപിക്കുന്ന പരിപാലന കാലാവധി സംബന്ധിച്ച് ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള കരാറുകാരന്റേയും അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബാധ്യസ്ഥനായ എന്‍ജിനീയറുടെയും ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് റോഡ് പരിപാലനം ഉറപ്പാക്കാം. പൊതുമരാമത്ത് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചും പരിപാലന കാലാവധി സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post