ഗുരുവായൂര്‍: അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കടുത്ത ഗുരുവായൂര്‍ ഭക്തന്‍. കഴിഞ്ഞ ഏപ്രിലിലാണ് ബിപിനും ഭാര്യയും ഗുരുവായൂരിലെത്തിയത്. കണ്ണനെ തൊഴുത് രണ്ട് ദിവസത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. പുന്നത്തൂര്‍ കോട്ടയിലെ ആനത്താവളത്തിലെത്തി ഒരു മണിക്കൂറോളം അവിടെ ചെലവിട്ടു, ആനകള്‍ക്ക് ഭക്ഷണവും നല്‍കിയ ശേഷം, രാത്രി ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ താമസിച്ച് പിറ്റേന്ന് നിര്‍മ്മാല്യം തൊഴുത ശേഷമാണ് മറ്റു പരിപാടികളില്‍ പങ്കെടുത്തത്.
കൊച്ചി കപ്പല്‍ശാലയില്‍ വിമാന വാഹിനി ഐ.എന്‍.എസ് വിക്രാന്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായിരുന്നു അദ്ദേഹമെത്തിയത്. ചുമതലയേറ്റ ശേഷമുള്ള ആദ്യ കൊച്ചി സന്ദര്‍ശനം കൂടിയായിരുന്നു. കൊച്ചിയില്‍ നിന്ന് കേരള പോലീസിന്റെ പൈലറ്റ് വാഹനമാണ് ജനറലിന്റെ വാഹന വ്യൂഹത്തെ ഗുരുവായൂരിലേക്ക് നയിച്ചത്. ഏപ്രില്‍ മൂന്നിനെത്തിയ അദ്ദേഹം മടങ്ങിയത് അഞ്ചിനായിരുന്നു.
മടങ്ങുന്നതിന് മുന്നേ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മധുരപലഹാരങ്ങള്‍ നല്‍കി നന്ദിയും പറഞ്ഞിരുന്നു. സ്‌നേഹത്തോടെയാണ് അദ്ദേഹം പൊലീസുകാരോടുള്‍പ്പെടെ പെരുമാറിയതെന്ന് പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.ആര്‍. ജിജേഷ് പറഞ്ഞു. നാവികസേനയുടെ ഉള്‍പ്പെടെ കര്‍ശന സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലും തികച്ചും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം എല്ലാവരുമായും ഇടപെട്ടതെന്ന് ജിജേഷ് പറഞ്ഞു.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ അപകടത്തിലാണ് ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 ഓളം പേര്‍ ദാരുണമായി മരിച്ചത്.
Discussion about this post