കാഞ്ഞിരമറ്റം: ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനും പാചകത്തിനും സൗകര്യമൊരുക്കി മതമൈത്രിയ്ക്ക് മാതൃകയായി കാഞ്ഞിരമറ്റം മസ്ജിദുല്‍ മര്‍ഹമ. കാഞ്ഞിരമറ്റം മുസ്ലിം പള്ളിയുടെ കീഴിലുള്ളതാണ് മസ്ജിദുല്‍ മര്‍ഹമ.
വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ രാവിലെ എത്തി ഭക്ഷണമുണ്ടാക്കി കഴിച്ച് വിശ്രമിച്ച് ഉച്ചയോടെയാണ് യാത്ര തുടരുക. തീര്‍ത്ഥാടന കാലമായാല്‍ മര്‍ഹമയുടെ ഗേറ്റും ടോയ്‌ലറ്റുകളുമെല്ലാം തുറന്നിടും.
കാഞ്ഞിരമറ്റം മുസ്ലിം പള്ളിക്കും ചാലയ്ക്കപ്പാറയ്ക്കും ഇടയിലുള്ള മസ്ജിദുല്‍ മര്‍ഹമയില്‍ വര്‍ഷങ്ങളായി ശബരിമല തീര്‍ഥാടകര്‍ വിശ്രമിക്കുകയും ഇവിടെവച്ച് ഭക്ഷണം പാകംചെയ്ത് കഴിക്കുകയും ചെയ്യാറുണ്ടെന്ന് മഹല്ല് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവുമായ സലിം അലി പറഞ്ഞു.
എറണാകുളം-കോട്ടയം റോഡിനോടു ചേര്‍ന്നായതിനാല്‍ യാത്ര ചെയ്യാനും സൗകര്യമാണ്. തിങ്കളാഴ്ച മര്‍ഹമയില്‍ രാവിലെയെത്തിയ തീര്‍ഥാടകര്‍ തങ്ങളുടെ വണ്ടി മര്‍ഹമയ്ക്കു സമീപം ഒതുക്കി ഭക്ഷണമൊക്കെ കഴിച്ച് ഒരു മണിയോടെയാണ് ഇവിടെനിന്ന് പുറപ്പെട്ടത്.
ശബരിമല തീര്‍ഥാടകരില്‍ പലരും കാഞ്ഞിരമറ്റം മലേപ്പള്ളിയില്‍ വന്ന് തേങ്ങ ഉടച്ച് പോകുന്നതും പതിവുകാഴ്ചയാണ്.
Discussion about this post