പത്തനംതിട്ട; മണ്ഡല പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ ഭക്ത ജന തിരക്ക് കൂടുന്ന സാഹചര്യത്തില്‍ പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച് ഭക്തരെ നിയന്ത്രിക്കുകയാണ്. അതേ സമയം തിരക്ക് കാരണം മണിക്കൂറുകളാണ് എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്.
17 പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് നിലയ്ക്കലില്‍ ഇപ്പോള്‍ ഉള്ളത്. ഇവിടെല്ലാമായി 15000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്നാണ് കണക്ക്. എന്നാല്‍ നിലവില്‍ 8000 വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പകല്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകാര്‍ തിരിച്ചെത്താന്‍ വൈകുന്നതും പാര്‍ക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
അടുത്ത രണ്ടു ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍, നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പോലീസിനോട് നിര്‍ദേശം നല്‍കി.
അടുത്ത സീസണ്‍ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത് വരാനിരിക്കുന്ന മകര വിളക്ക് സീസണില്‍ തിരക്ക് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. അതിനു മുന്‍പ് കൂടുതല്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.