തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയില്‍ കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഫലം നെഗറ്റീവാണെന്ന് അറിയിച്ചത്. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്), എറണാകുളം (രണ്ട്), തിരുവനന്തപുരം (ഒന്ന്) പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്.
ആകെ 10 പേരുടെ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളില്‍ ഇതുവരെ എട്ട് പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.
ഹൈ റിസ്ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരുകുറവും ഉണ്ടാകരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post