വായ്പ മുടങ്ങിയതിന് ആത്മഹത്യ; വിപിന്റെ സഹോദരിക്കായി ഒന്നിച്ച് നാട്; രണ്ടര ലക്ഷം രൂപ ട്രസ്റ്റ് നല്‍കും! 5 പവന്‍ കല്യാണും 3 പവന്‍ നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും

തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് പ്രതീക്ഷ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ വിയോഗത്തിന് പിന്നാലെ കുടുംബത്തിനായി കൈകോര്‍ത്ത് നാട്. പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. ഇതിനു പുറമെ, വിപിന്റെ സഹോദരിക്ക് വിവാഹസമ്മാനമായി അഞ്ച് പവന്‍ നല്‍കുമെന്ന് കല്യാണ്‍ ജുവലേഴ്സും മൂന്ന് പവന്‍ സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചു.

അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരനും പറഞ്ഞു. പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല, വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്നും വരന്‍ അറിയിച്ചു. വിപിന്റെ മരണാനന്തര ചടങ്ങുകളും പുലയും അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് ആത്മഹത്യ ചെയ്തത്.

സഹോദരിയുടെ വിവാഹം നടത്താനുള്ള ബാങ്ക് വായ്പ കിട്ടാത്തതിലെ മാനസികവിഷമത്താലാണ് വിപിന്‍ ജീവനൊടുക്കിയത്. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.

സഹോദരിക്ക് വിവാഹം. പ്രതീക്ഷിച്ച വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു, വിപിന്റെ വിയോഗം വിവാഹത്തിന് 5 നാള്‍ ബാക്കിനില്‍ക്കെ

കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്‍ മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് വിപിന്‍ ജീവനൊടുക്കിയത്.

Exit mobile version