വാക്കുപാലിച്ച് എംഎ യൂസഫലി; ആമിനയുടെ കൈകളില്‍ കിടപ്പാടം തിരിച്ചുകിട്ടി; സാറിനെ കാണിച്ചു തന്നത് പടച്ചോന്‍ ആണെന്ന് ആമിന

കാഞ്ഞിരമറ്റം: ജപ്തിയുടെ വക്കില്‍ നിന്നും കരകയറി കിടപ്പാടം കൈകളിലെത്തിയ സന്തോഷത്തിലാണ് ആമിനയും കുടുംബവും. ‘പടച്ചോന്‍ ആണ് എനിക്കു യൂസഫലി സാറിനെ കാണിച്ചു തന്നതെന്ന് ഇടറിയ ശബ്ദത്തോടെ ആമിന പറഞ്ഞു. ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇവര്‍.

6 വര്‍ഷം മുന്‍പാണ് ഇളയ മകളുടെ വിവാഹാവശ്യത്തിനായി ഇവര്‍ വീടിരുന്ന 9 സെന്റ് ഈടു വച്ചു കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. തുച്ഛമായ വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ചു വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ എല്ലാം മുടങ്ങുകയായിരുന്നു.

ഇതോടെ പലിശയും കൂട്ടുപലിശയുമായി തിരിച്ചടയ്ക്കാനാകാത്ത വിധം വായ്പത്തുക വര്‍ധിച്ചു. തിരിച്ചടവു മുടങ്ങി ബാങ്കില്‍ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ജീവിതം ചോദ്യചിഹ്നമായി നിന്നപ്പോഴാണ് ആമിനയ്ക്കു എംഎ യൂസഫലിയെ കാണാന്‍ അവസരം ലഭിച്ചത്.

സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഹെലികോപ്റ്റര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച എം.എ. യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടില്‍ നിന്ന് ആമിന അവിടേക്ക് ചെന്നത്.

മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയോട് നിറകണ്ണുകളോടെ പറഞ്ഞത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നല്‍കിയിരുന്നു. ഇന്നലെ തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീര്‍ത്തു. ശേഷം ആമിനയുടെ വീട്ടിലെത്തിയ അധികൃതര്‍ 50,000 രൂപയും ബാങ്കില്‍ പണം അടച്ചതിന്റെ രസീതും കൈമാറുകയായിരുന്നു.

Exit mobile version