കോട്ടയം: പൊന്‍കുന്നത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. കോട്ടയം മണര്‍കാട് കിഴക്കേപ്പറമ്പില്‍ സുകുമാരന്‍ (മോനായി-46), കോട്ടയം വടവാതൂര്‍ കളത്തിപ്പടി കാര്‍ത്തികപ്പള്ളി വീട്ടില്‍ ഭരതന്റെ മകന് ഉല്ലാസ് (46), പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ ഇലമന്ദം തേന്‍കുറിശി കുറിഞ്ചിത്തിക്കാലായില്‍ സ്വാമിനാഥന്റെ മകന് കണ്ണദാസന് (36) എന്നിവരാണു മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അജി (40)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 7:20നാണ് അപകടം. പൊന്‍കുന്നത്തുനിന്നു പാലായ്ക്കു പോവുകയായിരുന്ന നിരപ്പേല്‍ എന്ന സ്വകാര്യ ബസും പൊന്‍കുന്നം ഭാഗത്തേക്കു വരികയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ടവര്‍ കാര്‍ യാത്രക്കാരാണ്. ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പ് സംബന്ധമായ ജോലിക്കായി പള്ളിക്കത്തോട് നിന്നു പീരുമേടിനു പോകുകയായിരുന്നു ഇവര്‍.
അമിതവേഗം കുറയ്ക്കുന്നതിനു സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ വഴി ഇരു വാഹനങ്ങളും കടന്നു പോകാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു അപകടം. മഴ കഴിഞ്ഞ സമയത്തായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കുടുങ്ങിക്കിടന്ന യാത്രക്കാരെ കാര്‍ വെട്ടി പൊളിച്ചാണു പുറത്തെടുത്തത്.
Discussion about this post