തിരൂര്‍: അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടയുടനെ തന്നെ കണ്‍മുന്നില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ യുവതിയ്ക്കും 72കാരനും അഭിനന്ദനപ്രവാഹം.
കഴിഞ്ഞ ദിവസം രാവിലെ തുവ്വക്കാട് മേലേ അങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോഴാണ് 22കാരിയായ പ്രണയ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയത്. കൂടെ കടയില്‍ സാധനങ്ങള്‍ വാങ്ങുകയായിരുന്ന 72കാരനായ അബ്ദുല്ലയും പങ്കുചേര്‍ന്നു.
ബൈക്കിലിടിച്ച കാര്‍ തന്റെ കാലില്‍ തട്ടിയെങ്കിലും അതൊന്നും ചിന്തിക്കാതെ, കണ്‍മുന്നില്‍ വീണുകിടക്കുന്ന ബൈക്ക് യാത്രികന്റെ അടുത്തേക്ക് ഓടിയെത്തി അബ്ദുല്ലക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പരിക്കേറ്റയാളെ എടുത്തുയര്‍ത്തിയതോടെയാണ് മറ്റുള്ളവരും ഓടിയെത്തി ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചത്.
വളാഞ്ചേരി ജിടെക് കോളജില്‍ ജോലി ചെയ്യുന്ന പ്രണയ കോളജില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കാര്‍ ബൈക്കിലിടിച്ച ശേഷം പ്രണയയുടെ കാലിലും ഇടിച്ചത്. തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് പ്രണയ ബൈക്ക് യാത്രികന്റെ അടുത്തേക്ക് ഓടിയെത്തിയത്.
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പരിക്കേറ്റയാളുടെ അടുത്തേക്ക് 72കാരനായ തളികപ്പറമ്പില്‍ അബ്ദുല്ല ഓടിയെത്തിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രണയക്കും അബ്ദുല്ലക്കും അഭിനന്ദന പ്രവാഹമാണ്.