അവരെ ചേര്‍ത്തുപിടിക്കാന്‍ കൈ നിറയെ സമ്മാനങ്ങളുമായി എംഎ യൂസഫലി എത്തി; ജപ്തിയെന്ന് പറഞ്ഞ് സങ്കടം പറഞ്ഞ ആമിനയ്ക്കും സഹായം

കൊച്ചി: ഹെല്‌കോപ്റ്റര്‍ അപകടത്തില്‍ നിന്നും കരകയറ്റാന്‍ എത്തിയ നാട്ടുകാര്‍ക്ക് നന്ദി പറയാന്‍ കൈ നിറയെ സമ്മാനങ്ങളുമായി എത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഹെലികോപ്റ്റര്‍ അപകടം നടന്നപ്പോള്‍ തന്നെ സഹായിക്കാന്‍ ഓടിയെത്തിയ പനങ്ങാട്ടെ നാട്ടുകാരോടു നന്ദി പറയാനാണ് അദ്ദേഹം എത്തിയത്.

‘ഹെലികോപ്റ്റര്‍ അപകടമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇവരാണ്’. ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടില്‍ രാജേഷ് ഖന്നയെയും ഭാര്യ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ എ.വി. ബിജിയെയും ചേര്‍ത്തു പിടിച്ചു യൂസഫലി പറഞ്ഞു. ‘ഞാന്‍ ആരാണെന്നൊന്നും അറിയാതെയാണ് ഇവര്‍ സഹായിച്ചത്. ഇവരോട് എന്തു പ്രത്യുപകാരം ചെയ്താലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകന്‍ ഒരു വയസ്സുള്ള ദേവദര്‍ശനു മിഠായിപ്പൊതികളുമാണ് യൂസഫലി നന്ദി രൂപേണ സമ്മാനിച്ചത്. രാജേഷിന്റെ പിതൃ സഹോദരന്റെ മകള്‍ വിദ്യയുടെ വിവാഹത്തിനു സ്വര്‍ണമാല സമ്മാനമായി നല്‍കാനും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലവും യൂസഫലി സന്ദര്‍ശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവര്‍ക്കും സമ്മാനങ്ങള്‍ കൈമാറി. അവിടെ നിന്നു മടങ്ങുന്നതിനിടയിലാണ് നിറകണ്ണുകളോടെ കാഞ്ഞിരമറ്റം സ്വദേശി ആമിന എത്തിയത്. കൈയില്‍ ഒരു തുണ്ടുകടലാസില്‍ വലിയ സങ്കടവും കുറിച്ചിരുന്നു. 5 ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു. ‘ജപ്തിയുണ്ടാകില്ല, പോരേ’. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി നന്ദി പറയുകയും ചെയ്തു.

ഏപ്രില്‍ 11നാണു യൂസഫലിയും ഭാര്യയുമുള്‍പ്പെടെ 7 പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പനങ്ങാട് പൊലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറങ്ങിയത്. നെട്ടൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ കടവന്ത്രയിലെ വീട്ടില്‍ നിന്നുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം.

Exit mobile version