മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരക്കാറിന്റെ’ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ ‘സിനിമാ കമ്പനി’ എന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ സിനിമ പ്രചരിപ്പിച്ചത്.
ഈരാറ്റുപേട്ടയില്‍ മൊബൈല്‍ കട നടത്തുകയാണ് നഫീസ്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മറ്റു ടെലിഗ്രാം ഗ്രൂപ്പുകളില്‍ നിന്ന് കോപ്പി ചെയ്തെടുത്തതാണ് താന്‍ പ്രചരിപ്പിച്ചതെന്നാണ് നഫീസിന്റെ മൊഴി.
കോട്ടയം എസ്പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നല്ല പ്രിന്റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് കേള്‍ക്കണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബര്‍ പോലീസ് നിരീക്ഷിച്ചിരുന്നു.
അതേസമയം മരക്കാറിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. പലരും നിരീക്ഷണത്തിലാണെന്നും അവര്‍ അറിയിക്കുന്നു.
മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മരക്കാര്‍ ലോകമാകെ 4100 സ്ക്രീനുകളില്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടത്. പുലര്‍ച്ചെ നടന്ന ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ തന്നെ ചിത്രത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് മുഴുവന്‍ ചിത്രവും അടങ്ങുന്ന ലിങ്കുകള്‍ ടെലിഗ്രാമിലൂടെ പ്രചരിച്ചത്. ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.
Discussion about this post