കോഴിക്കോട്: പെണ്‍ സുഹൃത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ച ശേഷം സുഹൃത്ത് തന്നെ ചതിച്ചെന്ന് പെരുവണ്ണാമുഴി സ്വദേശിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിയായ ദീപുവായി മാറിയ അര്‍ച്ചന രാജാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആണായി മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്നാണ് ദീപുവിന്റെ പരാതി.
കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു അര്‍ച്ചനയും സുഹൃത്തും. പരസ്പരം പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തിലായി. ഒരുമിച്ചു ജീവിയ്ക്കാന്‍ പങ്കാളികളില്‍ ഒരാള്‍ ആണായി മാറാന്‍ തീരുമാനിച്ചു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ചു.
ശസ്ത്രക്രിയക്ക് ശേഷം സുഹൃത്ത് നിര്‍ദേശിച്ച പ്രകാരം ദീപുവെന്ന പേരും സ്വകരിച്ചു, പക്ഷെ അപ്പോഴേക്കും സുഹൃത്തിന്റെ മനസ്സ് മാറി. ഒരുമിച്ചുജീവിയ്ക്കാമെന്ന നിലപാട് അവള്‍ മാറ്റി.
ഒക്ടോബര്‍ 24ന് ചെന്നൈയില്‍ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്. കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു.
എന്നാല്‍ കോടതിയിലും പോലീസിലും ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴി നല്‍കിയത്. ദീപു തന്നെ തെറ്റിദ്ധരിച്ചതായാണ് യുവതിയുടെ മൊഴി. വാട്‌സാപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ട്.
ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അര്‍ച്ചനയിലേക്കൊരു മടക്കമില്ല, ദീപുവായി തന്നെ ജീവിക്കും. സുഹൃത്ത് നല്‍കിയ പേരും സുഹൃത്തിനായി മാറിയ ശരീരവും ഉപേക്ഷിക്കാന്‍ ദീപു തയ്യാറല്ല. മനസ്സുമാറി അവള്‍ തിരിച്ചുവരുമെന്നാണ് ദീപുവിന്റെ പ്രതീക്ഷ. തനിക്ക് പറ്റിയ ചതി ലോകമറിയണമെന്നതിനാലാണ് വെളിപ്പെടുത്തുന്നതെന്നും ദീപു പറയുന്നു.