കോഴിക്കോട്: കേരളത്തിലെ എല്ലാ റോഡുകളും നന്നാവണമെന്നും റോഡുകള്‍ ഏത് വകുപ്പിന്റേതെന്ന് ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
കേരളത്തില്‍ ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡില്‍ ഏകദേശം ഒരുലക്ഷം കിലോമീറ്ററില്‍ അധികം റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഞങ്ങളെ ഏല്‍പ്പിച്ച പ്രവര്‍ത്തനം നന്നായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുണ്ട്, തദ്ദേശസസ്വയംഭരണ വകുപ്പിന്റെ റോഡുണ്ട്, മറ്റ് വകുപ്പുകള്‍ക്കും റോഡുകളുണ്ട്. കേരളത്തില്‍ ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡുണ്ട്. അതില്‍ 32,000 കിലോമീറ്റര്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്.
ഏകദേശം ഒരുലക്ഷം കിലോമീറ്ററില്‍ അധികം പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളല്ല. പക്ഷേ ജനങ്ങളെ സംബന്ധിച്ച് ഇന്ന റോഡ് എന്നില്ല. എല്ലാ റോഡും നന്നാകണം. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.