പുനലൂര്‍: കടിച്ച മൂര്‍ഖനെ പിടികൂടി, അതിനെ വനപാലകരെ ഏല്‍പ്പിച്ച് യുവാവ് മരണത്തിന് കീഴടങ്ങി. പുനലൂര്‍ തെന്മല പഞ്ചായത്തിലെ ഇടമണ്‍ ഉദയഗിരി നാലുസെന്റ് കോളനിയിലെ സികെ ബിനു(34)വാണ് മരണപ്പെട്ടത്.
തോട്ടില്‍ കാല്‍ കഴുകുന്നതിനിടെയാണ് ബിനുവിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. തോളിക്കാട്ടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുംവഴി ബിനു കാല്‍ കഴുകാന്‍ തോട്ടിലിറങ്ങിയപ്പോഴാണ് കടിയേറ്റത് എന്നാണ് സമീപവാസികള്‍ പറയുന്നത്.
കടിയേറ്റ ബിനു ഉടന്‍ തന്നെ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ അടുത്തുള്ള പൊന്തയില്‍ നിന്നും മൂര്‍ഖനെ പിടികൂടി. ഈ ശ്രമത്തിനിടെ വീണ്ടും കടിയേറ്റതായി സംശയമുണ്ട്.
തുടര്‍ന്ന് അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് റാപ്പിഡ് ഫോഴ്‌സ് സ്ഥലത്ത് 20 മിനുട്ടിനുള്ളില്‍ സ്ഥലത്ത് എത്തി. ഇത്രയും സമയം ബിനു പാമ്പിനെയും പിടിച്ച് സ്ഥലത്ത് തന്നെ നില്‍ക്കുകയായിരുന്നു. വനപാലകര്‍ പാമ്പിനെ ഏറ്റുവാങ്ങി സ്ഥലത്ത് നിന്നും പോയി.
തുടര്‍ന്നാണ് ബിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും, വെഞ്ഞാറന്‍മൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കടിയേറ്റ ആദ്യ നിമിഷങ്ങളില്‍ എടുക്കേണ്ട പ്രഥമിക ചികില്‍സ ലഭിക്കാത്തതും, ആശുപത്രിയിലേക്ക് പോകാത്തതുമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ടോടെ ചിറ്റാലംകോട് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.