ചോദ്യം ചെയ്യൽ ഭയന്ന് സൈജുവിന്റെ സുഹൃത്തുക്കൾ മുങ്ങി; റോയ് വയലാട്ടിനെ പിന്തുണച്ച് പോസ്റ്റിട്ട് പോലീസ് വലയിലായി മിനു പോളും അമൽ പപ്പടവടയും

കൊച്ചി: മോഡലുകൾ കാറപകടത്തിൽ മരിച്ച കേസിൽ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം തങ്കച്ചന്റെ കൂടുതൽ കൂട്ടാളികൾക്കെതിരെ പോലീസ് കേസെടുക്കാൻ ഒരുങ്ങുന്നു. പോലീസ് കേസെടുത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സൈജുവിൻരെ സുഹൃത്തുക്കളിൽ പലരും ഒളിവിലാണ്.

ഇതിനിടെ, സൈജുവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചു. സൈജു നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്ത 17 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇയാളുടെ മൊബൈലിൽനിന്നു ലഭിച്ച ദൃശ്യങ്ങളിൽ, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവർക്ക് എതിരെയാണ് കേസ്. ഇവരിൽ പലരും ആദ്യഘട്ട ചോദ്യംചെയ്യലിന് എത്തിയെങ്കിലും ഇപ്പോൾ ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്.

മാഡലുകളുടെ വാഹനത്തെ പിന്തുടരാൻ സൈജു ഉപയോഗിച്ച ആഡംബരക്കാറിന്റെ ഉടമ ഫെബി പോളിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവിന്റെ മുഖ്യ കൂട്ടാളികളിൽ ഒരാളാണ് ഫെബിയെന്നും പോലീസ് പറയുന്നു.

കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും വിവാദമായ ഇടുക്കിയിലെ റിസോർട്ടിലെ ലഹരിവിരുന്നിലും ഫെബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കോഴിക്കോട്ടു നടന്ന ലഹരി പാർട്ടികൾക്കു നേതൃത്വം നൽകിയത് ഫെബിയാണെന്നും തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാൾ കോഴിക്കോടുള്ള ബിസിനസിന്റെ മറവിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നത് പതിവാണ്.

അതേസമയം, കൊച്ചിയിൽ പപ്പടവട ഹോട്ടൽ നടത്തിയിരുന്ന മിനു പോൾ, ഭർത്താവ് അമൽ പപ്പടവട തുടങ്ങിയവർക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. നേരത്തേ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ പോലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ മിനു പോസ്റ്റിട്ടിരുന്നു. ഇതാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. പിന്നീടാണ് വീഡിയോ ദൃശ്യങ്ങളിലൂടെ ഇവരുടെ വിവരങ്ങൾ പോലീസിനു ലഭിക്കുന്നതും റിമാൻഡ് റിപ്പോർട്ടിൽ പേര് വിവരങ്ങൾ പരാമർശിക്കപ്പെട്ടതും.

എന്നാൽ ചോദ്യംചെയ്യലിന് ഇരുവരും ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു സൂചന. ചുരുങ്ങിയ കാലംകൊണ്ട് ഇവർ വൻ തോതിൽ സ്വത്തു സമ്പാദിച്ചത് ലഹരി ഇടപാടിലൂടെയാണോ എന്നത് ഉൾപ്പെടെ പരിശോധിക്കും. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരെയും വരും ദിവസങ്ങളിൽ, ചുമതലയുള്ള എസ്എച്ച്ഒമാർ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version