ആലുവ: ആലുവയിലും പരിസരങ്ങളിലുമുള്ള പള്ളിമുറ്റങ്ങളിൽ ഭിക്ഷാടനം നടത്തിവിരികയായിരുന്ന വയോധിക സ്വരുക്കൂട്ടി വെച്ചത് ഒന്നര ലക്ഷം രൂപയിലേറെ. ഇവരുടെ മരണത്തിന് പിന്നാലെ വീട് പരിശോധിച്ചപ്പോഴാണ് ഇത്ര വലിയ തുക കണ്ടെത്തിയത്. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) വെള്ളിയാഴ്ചയാണ് മരിച്ചത്.
കുഴുവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ച് വരികയായിരുന്നു ഇവർ. നിത്യവൃത്തി കഴിഞ്ഞിരുന്നത് പള്ളി മുറ്റത്ത് ഭിക്ഷാടനം നടത്തിയായിരുന്നു. മരിച്ച ദിവസം രാവിലെയും ഭക്ഷണം കഴിച്ചതായി അയൽക്കാരോട് പറഞ്ഞിരുന്നു. പിന്നീട് പുറത്തൊന്നും കാണാതായതോടെ അന്വേഷിച്ചു ചെന്നവരാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പിന്നീട്, പോലീസെത്തി മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുന്നതിനു മുന്നോടിയായി ഇൻക്വസ്റ്റ് നടത്തവെയാണ് മുറിയിലെ അലമാര പരിശോധിച്ചതും പണം കണ്ടെത്തിയതും. പോലീസും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അസീസ് മൂലയിൽ, വാർഡംഗം എഎസ്‌കെ സലീം തുടങ്ങിയവരും ചേർന്നാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. 1,67,620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്.
മരിച്ച ഐഷാബിയുടെ ഭർത്താവ് 35 വർഷം മുൻപു മരിച്ചതാണ്. ഐഷാബി അഞ്ചു വർഷമായി കുഴുവേലിപ്പടിയിലാണ് താമസം.