പോത്തൻകോട്: ഒന്നരമാസം മുമ്പ് കാണാതായ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറ പരിസ്ഥിതി സൗഹൃദ പാർക്കിനു സമീപം കണ്ടെത്തി. കാടുകയറിക്കിടന്ന സ്വകാര്യ പുരയിടത്തിൽ വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ഒന്നര മാസം മുൻപ് കാണാതായ കാട്ടായിക്കോണം പൂപ്പൻവിളവീട്ടിൽ ലീല എന്ന കനകമ്മയുടേതാണ് (67)മൃതദേഹമെന്ന് ബന്ധുക്കൾ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം പോലീസിനു മൊഴി നൽകി. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.
പോത്തൻകോട് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് മൃതദേഹം പരിശോധിച്ചത്. കാട്ടുപന്നിയും ഇഴജന്തുക്കളും ധാരാളമുള്ള പുരയിടമാണെന്ന് ഉടമ പറഞ്ഞു.
തലയോട്ടിക്കും അസ്ഥിക്കഷണങ്ങൾക്കും പുറമെ സാരി, ചെരുപ്പ്, പഴ്സ് എന്നിവയാണ് കണ്ടെത്തിയത്. ശരീരം അഴുകി മണ്ണോട് ചേർന്നിരുന്നു. തിരിച്ചറിയാനുള്ള രേഖകൾ പഴ്സിൽ ഉണ്ടായിരുന്നില്ല. ഒരു ചെരുപ്പ് കുന്നിൻചെരുവിൽ പതിഞ്ഞ നിലയിലായിരുന്നു. കുന്നു കയറാൻ ശ്രമിക്കവേ മറിഞ്ഞു വീണ് അപകടത്തിൽപ്പെട്ടതാകാമെന്നു കരുതുന്നു.
മനോദൗർബല്യമുള്ള ലീല മകളുടെ കല്ലയത്തുള്ള വീട്ടിലേക്കായി നവംബർ പത്തിന് പോയ ശേഷം കാണാതായെന്നാണ് മരുമകളായ ഇന്ദു പോത്തൻകോട് പോലീസിൽ പരാതി നൽകിയിരിുന്നത്. സമീപത്തു താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസ് മെറ്റിൽഡ കുറച്ചു നാൾ മുൻപ് ലീലയെ ഈ ഭാഗത്ത് കണ്ടതായും സ്ഥിരീകരിച്ചിരുന്നു.
Discussion about this post