കൊച്ചി: സപ്ലൈകോയുടെ ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി ഇനി വീട്ടിലെത്തും.
ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സപ്പ്ളൈ കേരള ‘ മൊബൈല്‍ ആപ്പ് ലോഞ്ചും ഡിസംബര്‍ 11 ന് ഉച്ചയ്ക്ക് 12ന് തൃശ്ശൂര്‍ കലക്ടേറ്റ് പരിസരത്തുള്ള പ്ലാനിംഗ് ബോര്‍ഡ് ഹാളില്‍ വച്ച് നടക്കും. ചടങ്ങില്‍ ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി അഡ്വ ജിആര്‍ അനില്‍ അധ്യക്ഷത വഹിക്കും. ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജന് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എംകെ വര്‍ഗീസ് ആദ്യ ഓണ്‍ലൈന്‍ ഓര്‍ഡര്‍ നിര്‍വഹിക്കും.
ചടങ്ങിന് സപ്ലൈകോ ചെയര്മാന് അലി അസ്ഗര്‍ പാഷ ഐഎഎസ് സ്വാഗത പ്രഭാഷണം നടത്തും. തൃശ്ശൂര്‍ എംഎല്‍എ പി ബാലചന്ദ്രന് മുഖ്യാതിഥിയാവും. തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്, തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാര്‍ ഐഎഎസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവീസ് മാസ്റ്റര്‍, തൃശൂര്‍ കോര്പ്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ സുനിത വിനു, ജനറല്‍ മാനേജര്‍ സപ്ലൈകോ ടിപി സലിംകുമാര്‍ ഐആര്‍എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
തൃശൂരിലെ മൂന്ന് ഔട്ട്ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ സപ്ലൈകോ ഹോം ഡെലിവറി ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോര്പറേഷന് ആസ്ഥാനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടപ്പിലാക്കി പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന കുറവുകൾ പരിഹരിച്ച് കൊണ്ട് നാലാംഘട്ടം ആയി മാര്‍ച്ച് 31ന് മുന്‍പായി കേരളത്തിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വിപണനം നടപ്പാക്കും.
ഓണ്‍ലൈന്‍ ബില്ലിന് അഞ്ചു ശതമാനം കിഴിവുണ്ടാകും. 1,000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ട നല്‍കും. 2,000 രൂപയ്ക്കുമുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര് ശബരി ഗോള്‍ഡ് തേയില നല്‍കും. 5,000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും നല്‍കും.
കേരളത്തിലെ ഏകദേശം 500ല്‍ അധികം വരുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ അവയുടെ 10.കി.മീ ചുറ്റളവില്‍ ഹോം ഡെലിവറി നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 കിലോമീറ്ററിനുള്ളില്‍ 5 കിലോ തൂക്കം വരുന്ന ഒരു ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് ചുരുങ്ങിയത് 35 രൂപ രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. എന്നാല്‍, അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വര്‍ധിപ്പിക്കുന്നതാണ്.
നിലവില്‍ 2021 ഡിസംബര്‍ 11 മുതല്‍ ആദ്യ ഘട്ടമായി തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍
ആണ് നടപ്പിലാക്കുന്നത്. 2022 ജനുവരിയില്‍ എല്ലാ കോര്പ്പറേഷന് ആസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയാക്കും. ഫെബ്രുവരിയില്‍ മൂന്നാംഘട്ടം കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടപ്പിലാക്കും. മാര്‍ച്ച് മാസത്തില്‍ നടപ്പിലാക്കുന്ന നാലാംഘട്ടത്തിലൂടെ കേരളത്തിലെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വിപണനം നടത്തും.
ഓണ്‍ലൈന്‍ വിപണനം സപ്ലൈകോയില്‍ നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ 14 ജില്ലകളിലുള്ള ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തിലും, വേഗത്തിലും മിതമായ നിരക്കില്‍ സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ പൂര്‍ത്തീകരിക്കുന്നത്. ഓണ്‍ലൈന്‍ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പര്‍ച്ചേയ്സ് നടത്തുമ്പോള്‍ നിരവധി ഇളവുകളും സപ്ലൈകോ ആസൂത്രണം ചെയ്തിട്ടുണ്ട്.
‘സപ്ലൈ കേരള’ എന്ന പേരിലുള്ള മൊബൈല്‍ ആപ്പിലൂടെയാണ് സപ്ലൈകോ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യേണ്ടത്. ഡിസംബര്‍ 11 മുതല്‍ പ്ലേ സ്റ്റോറില്‍
ലഭ്യമാകും.
പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ആദ്യ മൂന്ന് ഘട്ടങ്ങളിലും സബ്സിഡി ഉത്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി ,ഓർഡർ സ്വീകരിച്ച് 24 മണിക്കൂറിനകം എത്തിക്കുക എന്നതാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും നിരവധി ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളുമാണ് സപ്ലൈകോ നല്‍കുന്നത്.
Discussion about this post