ന്യൂഡല്‍ഹി : കേരളത്തില്‍ കോവിഡ് മരണനിരക്ക് കൂടുന്നതില്‍ ആശങ്കയറിയിച്ച് കേന്ദ്രം. കഴിഞ്ഞ മാസത്തെ കോവിഡ് ബാധിതരില്‍ 55ശതമാനവും കേരളത്തില്‍ നിന്നാണെന്നറിയിച്ച കേന്ദ്രം മരണനിരക്കം രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.
ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 2118 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് മുമ്പത്തെ ആഴ്ച ഇത് 1890 ആയിരുന്നു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലെ പോസിറ്റിവിറ്റി നിരക്കിലും കേന്ദ്രം ആശങ്കയറിയിച്ചിട്ടുണ്ട്. ഈ നാല് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി. മറ്റ് ജില്ലകളിലെ വ്യാപനം തടയുന്നതില്‍ ശ്രദ്ധ വേണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരളത്തിലേതുള്‍പ്പടെ രാജ്യത്തെ പതിനെട്ട് ക്ലസ്റ്ററുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യമന്താലയം നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഒരു ഒമിക്രോണ്‍ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഒമിക്രോണ്‍ കേസുകളുടെ എണ്ണം മൂന്നായി. ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തിനുളള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.